കോഴിക്കോട്: കോഴിക്കോടിനെയും കണ്ണൂരിനെയും തമ്മിൽ ബന്ധിപ്പിക്കുന്ന കോരപ്പുഴ പാലത്തിന്‍റെ പുനർനിർമാണം പുരോഗമിക്കുന്നു. ഗതാഗത കുരുക്കുകൾ ഇല്ലാതാക്കുക എന്ന ലക്ഷ്യത്തോടെയാണ് 80 വർഷത്തോളം പഴക്കമുള്ള പാലം സർക്കാർ പുനർനിർമിക്കുന്നത്. നിർമാണ പ്രവൃത്തി പുരോഗമിക്കുന്ന പാലം ഫെബ്രുവരി മാസത്തിൽ നാടിന് സമർപ്പിക്കും.
ഗാന്ധിയനായ കെ കേളപ്പന്‍റെ പ്രവർത്തന ഫലമായി 1940ൽ നിര്‍മിച്ച കോരപ്പുഴ പാലം പിന്നീട് അപകടാവസ്ഥയിലായതിനെ തുടര്‍ന്നാണ് സര്‍ക്കാര്‍ പുനര്‍നിര്‍മിക്കാന്‍ തീരുമാനിച്ചത്. കിഫ്ബി പദ്ധതിയില്‍ ഉള്‍പ്പെടുത്തി 26 കോടി രൂപ ചെലവഴിച്ച് കേരള റോഡ് ഫണ്ട് ബോര്‍ഡും ദേശീയപാതാ വിഭാഗവും ചേര്‍ന്നാണ് നിര്‍മാണം നടത്തുന്നത്. വീതി കൂട്ടി ഇരുവശത്തും നടപ്പാതകളോട് കൂടിയാണ് പുതിയ പാലം പണിതിട്ടുള്ളത്. 12 മീറ്റര്‍ വീതിയിലാണ് പാലം. വാഹനങ്ങള്‍ക്ക് പോവാനായി 7.5 മീറ്റര്‍ ക്യാരേജ് വേയും ഒന്നര മീറ്റര്‍ വീതിയില്‍ പാലത്തിന് രണ്ടു ഭാഗങ്ങളിലായി നടപ്പാതയും നിര്‍മിച്ചിട്ടുണ്ട്. കൂടാതെ തെരുവുവിളക്കും സ്ഥാപിക്കുന്നുണ്ട്.
പാലത്തില്‍ ഏഴ് സ്പാനുകളാണ് ഉള്ളത്. ഓരോ സ്പാനിനും 32 മീറ്റര്‍ നീളവും 12 മീറ്റര്‍ വീതിയുമാണ്. പാലത്തിന് ഇരുകരകളിലുമായി 150 മീറ്റര്‍ നീളമുള്ള അപ്രോച്ച് റോഡ് ഉണ്ട്. ഇതുകൂടാതെ രണ്ട് ഭാഗങ്ങളിലും ആവശ്യമായ സ്ഥലങ്ങളില്‍ സര്‍വീസ് റോഡുകള്‍ നിര്‍മിച്ചിട്ടുണ്ട്. മൊത്തം എട്ട് തൂണുകളാണ് പാലത്തിനുള്ളത്. വശങ്ങളിൽ ആർച്ച് രൂപവും നൽകിയിട്ടുണ്ട്.