കോഴിക്കോട്: മുല്ലയും മുക്കുറ്റിയും ഓർക്കിഡും ആന്തൂറിയവും വരെ കൃഷി ചെയ്യുന്ന നാട്ടില്‍ ചെമ്പരത്തിപ്പൂവ് ആരെങ്കിലും കൃഷി ചെയ്യുമോ... ഇനി അഥവാ കൃഷി ചെയ്‌താല്‍ അവന്‍റെ ചെവിയില്‍ ചെമ്പരത്തിപ്പൂവ് വയ്ക്കണമെന്ന് നമ്മുടെ നാട്ടുകാർ പറയും. ചെവിയില്‍ വെയ്‌ക്കാനുള്ളതല്ല, ചെമ്പരത്തിപ്പൂവെന്ന് അറിയാവുന്ന ഒരാളുണ്ട് കോഴിക്കോട് ജില്ലയിലെ കൊയിലാണ്ടിയില്‍. പേര് അരുൺ. പൂക്കാട് സ്വദേശി.
ചെമ്പരത്തി നമ്മൾ വിചാരിച്ച ആളല്ല
നമ്മുടെ നാട്ടില്‍ എവിടെയും വളരുന്ന ചെമ്പരത്തി ശരിക്കും നമ്മൾ വിചാരിച്ച ആളല്ല. കടലുകടന്നാല്‍ പേരും പെരുമയുമുള്ള ചെടിയും പൂവുമാണ് ചെമ്പരത്തി. ദക്ഷിണ കൊറിയ, മലേഷ്യ, ഹെയ്‌തി എന്നീ രാജ്യങ്ങളുടെ ദേശീയ പുഷ്പം. മലേഷ്യ, ഫിലിപ്പൈൻസ്, കാമറൂൺ, റുവാണ്ട തുടങ്ങിയ രാജ്യങ്ങളിലെ തപാൽ സ്റ്റാമ്പിലും ചെമ്പരത്തിയുണ്ട്.
പലനിറവും വലിപ്പവുമുള്ള രണ്ടായിരത്തിലേറെ ഇനം ചെമ്പരത്തിയാണ് ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ വളരുന്നത്. ഇനി ആരും മൈൻഡ് ചെയ്തില്ലേലും നല്ല ഉഷാറായി വളരുമെന്നതാണ് ചെമ്പരത്തിയുടെ പ്രത്യേകത.
വിലയുണ്ട് വെറും വേലിച്ചെടിയല്ല
വെറുതെ നട്ടാല്‍ മതി വളർന്ന് പന്തലിച്ച് കാടുപോലെയാകും...അലങ്കാര ചെടിയായി വളർത്തുമെങ്കിലും ഇതാണ് ചെമ്പരത്തിയെ കുറിച്ച് നമ്മുടെ നാട്ടുകാർക്ക് പൊതുവെ പറയാനുള്ളത്. എന്നാല്‍ അരുണിന് അങ്ങനെയല്ല. അരുൺ ചെമ്പരത്തിയെ കുറിച്ച് നന്നായി പഠിച്ചു. ഏത് സമയത്തും പുഷ്‌പിക്കും. സ്‌ക്വാഷ്, വൈൻ എന്നിവയുടെ നിർമാണത്തിന് വിദേശ രാജ്യങ്ങളില്‍ മാത്രമല്ല ഇന്ത്യയിലും ചെമ്പരത്തി പൂവ് ഉപയോഗിക്കുന്നുണ്ട്.
ചെമ്പരത്തിയുടെ മൊട്ട് കറിവെയ്ക്കുന്നവർ ഇന്ത്യയിലുണ്ടോ എന്നറിയില്ല, പക്ഷേ വിദേശ രാജ്യങ്ങളില്‍ ഉണ്ടെന്ന് അരുൺ പറയും. ഒന്നു കൂടി കടന്നു ചിന്തിച്ചാല്‍ ഔഷധ സിദ്ധിയില്‍ മറ്റേത് പൂവിനേക്കാളും മുന്നിലാണ് ചെമ്പരത്തി. ആയുർവേദ വിധി പ്രകാരം ചെമ്പരത്തിയുടെ പൂവും ഇലയും ഹെയർ കണ്ടിഷണറായി ഉപയോക്കാം. ചെമ്പരത്തി ഇല കൊണ്ടുള്ള ചായ പല രാജ്യങ്ങളിലും ഔഷധമായി ഉപയോഗിക്കുന്നുണ്ട്. ചെമ്പരത്തിയിൽ നിന്നെടുക്കുന്ന എണ്ണ മുറിവുകൾ ഉണക്കാൻ ഉപയോഗിക്കും.
അരുൺ ആള് പുലിയാണ്
ഹോട്ടല്‍ മാനേജ്‌മെന്‍റ് കോഴ്‌സ് കഴിഞ്ഞ അരുൺ ചെമ്പരത്തിയെ സ്നേഹിച്ച് വളർത്തുന്നതിന്‍റെ കാരണം പ്രത്യേകം പറയേണ്ടതില്ലല്ലോ... ചെമ്പരത്തിയുടെ ഓരോ വിത്തിലുമുള്ള സവിശേഷത തേടിയിറങ്ങിയ അരുൺ ഇരുനൂറിലധികം വ്യത്യസ്തയിനം തൈകൾ വളർത്തുന്നുണ്ട്. ഒരു തണ്ടിൽ വിവിധയിനം ചെമ്പരത്തികൾ ബഡ് ചെയ്ത് പരാഗണം നടത്തിയാണ് പല വർണ്ണങ്ങളിലുള്ള പൂക്കൾ സൃഷ്ടിക്കുന്നത്.
ഇതിനായി വലിയ വില കൊടുത്ത് പോലും ചെമ്പരത്തി വാങ്ങി. അമേരിക്കൻ ഓസ്ട്രേലിയൻ, തായ്‌ലണ്ട്, പൂനെ, കൊൽക്കത്ത തുടങ്ങി നിരവധി ഇനങ്ങൾ മൊട്ടിട്ട് തുടങ്ങി. ഒരു ലക്ഷം ചെമ്പരത്തി ചെടികൾ വരുന്ന വലിയൊരു ഗാർഡനാണ് അരുണിന്‍റെ ലക്ഷ്യം.
കെഎസ്‌ഇബിക്ക് എന്ത് ചെമ്പരത്തി
ഒരു മനുഷ്യൻ അയാളുടെ എല്ലാ അധ്വാനവും ഇങ്ങനെയൊരു കാര്യത്തിനായി നടത്തുമ്പോൾ അതൊന്നുമറിയാതെ ചിലർ കടന്നുവരും. അങ്ങനെയൊരു അനുഭവം കഴിഞ്ഞ ദിവസം അരുണിനുമുണ്ടായി. വൈദ്യുതി പോസ്റ്റ് സ്ഥാപിക്കാൻ എത്തിയ കെഎസ്‌ഇബി കരാർ ജീവനക്കാർക്ക് ചെമ്പരത്തി വെറുമൊരു കാട്ടുചെടി മാത്രം.
അരുൺ ബഡ് ചെയ്‌ത് പരിപാലിച്ച വ്യത്യസ്തയിനം ചെമ്പരത്തി ചെടികൾ കെഎസ്ഇബി ജീവനക്കാർ വെട്ടിനശിപ്പിച്ചു. പരാതി പറഞ്ഞപ്പോൾ 'അത് ചെമ്പരത്തിയല്ലേ, നാട്ടിൽ ഇഷ്ടം പോലെ കിട്ടില്ലേ എന്നായിരുന്നു മറുപടി. എന്തായാലും ചെമ്പരത്തി പൂവ് ചെവിയില്‍ വയ്ക്കേണ്ടി വരുമെന്ന് പറയുന്നവരോട് കാത്തിരുന്ന് കാണാം എന്ന് മാത്രമാണ് അരുണിന് പറയാനുള്ളത്.