കോഴിക്കോട്: പാർട്ടിയിൽ വിഭാഗീയ പ്രവർത്തനം പാടില്ലെന്ന് കോണ്‍ഗ്രസ് നേതാവും മുന്‍ പ്രതിപക്ഷ നേതാവുമായ രമേശ് ചെന്നിത്തല. പാര്‍ട്ടിയിലെ അവസാന വാക്ക് കെപിസിസി അധ്യക്ഷനാണെന്നും പാര്‍ട്ടിയില്‍ ഐക്യമാണ് വലുതെന്നും അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു. പലതരത്തിലുള്ള അഭിപ്രായം ഉണ്ടാകുമെന്നും എന്നാലത് പാർട്ടി വേദിയിൽ വേണം പറയാനെന്നും അദ്ദേഹം പറഞ്ഞു. നിലവില്‍ യോജിച്ച മുന്നേറ്റമാണ് വേണ്ടതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ഭാരത് ജോഡോ യാത്രയുടെ സമാപനത്തിൽ സിപിഎം പങ്കെടുക്കണം. ദേശീയ താത്‌പര്യങ്ങൾ സംരക്ഷിക്കണമെങ്കിൽ സിപിഎം പങ്കെടുക്കുകയാണ് വേണ്ടതെന്നും ഇക്കാര്യത്തില്‍ സിപിഎം സിപിഐയെ മാതൃകയാക്കണമെന്നും ചെന്നിത്തല പറഞ്ഞു. അതേസമയം കെ.വി തോമസിനെ ഡല്‍ഹിയില്‍ സംസ്ഥാന സര്‍ക്കാരിന്‍റെ പ്രതിനിധിയായി നിയമിച്ചതിലും അദ്ദേഹം പ്രതികരിക്കാന്‍ മറന്നില്ല.
കെ.വി തോമസിന് ഇപ്പോഴെങ്കിലും ഒരു സ്ഥാനം കൊടുത്തതിൽ സന്തോഷമുണ്ട്. കെ.വി തോമസിനൊപ്പം ഒരാൾ പോലും കോണ്‍ഗ്രസ് വിട്ട് പോയിട്ടില്ല. സ്ഥാനം നൽകി മോദി നേതാക്കളെ ബിജെപിയിലെത്തിക്കുന്ന തന്ത്രമാണ് പിണറായി കേരളത്തിൽ നടത്തുന്നതെന്നും ചെന്നത്തല വിമര്‍ശനമുന്നയിച്ചു.