കോഴിക്കോട്: അവിശ്വാസ പ്രമേയ ചര്‍ച്ചയില്‍ സര്‍ക്കാരിനെതിരെ പ്രതിപക്ഷം ഉന്നയിച്ച അഴിമതി ആരോപണങ്ങളില്‍ മറുപടി നല്‍കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ തയ്യാറായില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മറുപടി പ്രസംഗം മുഖ്യമന്ത്രി നോക്കി വായിക്കുകയായിരുന്നെന്നും ഇത് ചട്ടലംഘനമായിരുന്നിട്ടും പ്രതികരിക്കാന്‍ സ്‌പീക്കര്‍ തയ്യാറായില്ലെന്നും ചെന്നിത്തല ആരോപിച്ചു.
ലൈഫ് മിഷന്‍ പദ്ധതിയുടെ പേരിൽ റെഡ് ക്രെസെന്‍റ് ഗൾഫിൽ പിരിവ് നടത്തിയതിൽ വൻ അഴിമതി നടന്നിട്ടുണ്ടെന്നും ചെന്നിത്തല ആരോപിച്ചു. 20 കോടി രൂപ മാത്രമാണ് പദ്ധതിക്ക് നൽകിയത്. ശേഷിക്കുന്ന പണം എവിടെയെന്ന് സർക്കാർ വ്യക്തമാക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു. നിയമസഭയില്‍ പ്രതിപക്ഷം തെറി മുദ്രാവാക്യം വിളിച്ചെന്ന മുഖ്യമന്ത്രിയുടെ ആരോപണം അടിസ്ഥാന രഹിതമാണ്. മുഖ്യമന്ത്രി സ്വന്തം ശീലം വെച്ച് മറ്റുള്ളവരെ അളക്കരുതെന്നും ചെന്നിത്തല പറഞ്ഞു. കഴിഞ്ഞ യു.ഡി.എഫ് കാലത്ത് പ്രതിപക്ഷം നിയമസഭയില്‍ കാണിച്ച അക്രമം തങ്ങള്‍ കാണിച്ചിട്ടില്ല. മാന്യമായ രീതിയിലാണ് പ്രതിപക്ഷം നിയമസഭയില്‍ മുദ്രാവാക്യം വിളിച്ചതെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.
പ്രതിപക്ഷം ഉന്നയിച്ച എല്ലാ അഴിമതിക്കേസുകള്‍ക്കും നേതൃത്വം നല്‍കുന്നത് മുഖ്യമന്ത്രിയും അദ്ദേഹത്തിന്‍റെ ഓഫീസുമാണ്. ലൈഫ് മിഷന്‍ പദ്ധതിയുമായി ബന്ധപ്പെട്ട് താന്‍ ആവശ്യപ്പെട്ട രേഖകള്‍ നല്‍കാന്‍ മൂന്നാഴ്‌ച കഴിഞ്ഞിട്ടും സര്‍ക്കാര്‍ തയ്യറായിട്ടില്ല. വൻ അഴിമതി നടന്നിട്ടുള്ളതുകൊണ്ടാണ് രേഖകള്‍ നല്‍കാത്തതെന്നും ചെന്നിത്തല ആരോപിച്ചു. സര്‍ക്കാരിന്‍റെ അഴിമതിക്കെതിരെ ശക്തമായ പ്രതിഷേധവുമായി മുന്നോട്ട് കൊണ്ടുപോകാനാണ് പ്രതിപക്ഷത്തിന്‍റെ തീരുമാനെന്നും ചെന്നിത്തല വ്യക്തമാക്കി.