കോഴിക്കോട് : പുലര്‍ച്ചെ കരിപ്പൂരില്‍ പിടികൂടിയത് കവരാന്‍ ശ്രമിച്ച സ്വര്‍ണം. രണ്ട് സംഘങ്ങൾ സ്വർണക്കടത്തിന് ശ്രമം നടത്തിയതാണ് അപകടത്തിൽ കലാശിച്ചതെന്നാണ് പൊലീസ് നിഗമനം. വാഹനം മാറി ചേസ് നടത്തിയതാണ് അപകടത്തിന് കാരണമായതെന്ന് പൊലീസ് സംശയിക്കുന്നു.
സംഭവത്തില്‍ കൊടുവള്ളി, ചെർപ്പുളശേരി സംഘങ്ങളുടെ 'റോൾ' ആണ് പൊലീസ് പരിശോധിക്കുന്നത്. രാമനാട്ടുകര വാഹനാപകടത്തിൽ അന്വേഷണം പൊലീസ് വിപുലീകരിച്ചു.
അപകടത്തിന്‍റെ ചുരുൾ അഴിക്കാൻ പൊലീസ്
പിന്തുടർന്ന വാഹനം മാറിയെന്ന് തിരിച്ചറിഞ്ഞ ബൊലേറോ, കോഴിക്കോട് നിന്ന് തിരിച്ച് വരുമ്പോഴാണ് അപകടമുണ്ടായതെന്നാണ് സംശയം. കരിപ്പൂർ വിമാനത്താവളത്തിൽ സുഹൃത്തിനെ ഇറക്കാൻ വന്നവർ എന്തിന് കോഴിക്കോട് ഭാഗത്തേക്ക് എത്തി എന്ന അന്വേഷണമാണ് കേസിൻ്റെ ചുരുളഴിക്കുന്നത്.
അപകട സമയത്ത് മറ്റൊരു ഇന്നോവ കാറിൽ ഉണ്ടായിരുന്ന ആറ് പേരെ കസ്റ്റഡിയിൽ എടുത്ത പൊലീസ് ഇവരെ കരിപ്പൂർ പൊലീസിന് കൈമാറി. മറ്റൊരു വാഹനത്തിൽ ഉണ്ടായിരുന്ന നാല് പേരെ പൊലീസ് തിരയുകയാണ്. മൂന്ന് വാഹനങ്ങളിലായി 15 പേരാണ് സംഘത്തിലുണ്ടായിരുന്നത് എന്ന് സിറ്റി പൊലീസ് കമ്മീഷണർ എവി ജോർജ് വ്യക്തമാക്കിയിരുന്നു.
READ MORE: രാമനാട്ടുകരയിലെ വാഹനാപകടത്തില്‍ ദുരൂഹതയെന്ന് പൊലീസ്
കൊടുവള്ളി സ്വദേശിയിലേക്ക് എത്തേണ്ട സ്വർണ്ണം മറ്റൊരു കൊടുവള്ളി സ്വദേശിയുടെ നിർദേശ പ്രകാരം പിന്തുടർന്ന് കൈക്കലാക്കാൻ നിയോഗിക്കപ്പെട്ടവരാണ് അപകടത്തിൽപെട്ടത് എന്നത് ഏറെക്കുറെ പൊലീസ് ഉറപ്പിച്ചു. സംഭവത്തിൻ്റെ ചുരുളഴിയാൻ പല വഴിക്കും വല വിരിച്ചിരിക്കുകയാണ് പൊലീസ്.
READ MORE: രാമനാട്ടുകരയിൽ ലോറിയും കാറും കൂട്ടിയിടിച്ച് അഞ്ച് പേർ മരിച്ചു