കോഴിക്കോട്: രാമനാട്ടുകര അപകടത്തിൽ അന്വേഷണം ഊര്‍ജ്ജിതമാക്കി പൊലീസ്. വിമാനത്താവളം വഴിയുള്ള സ്വർണക്കടത്തും പിന്നാലെ നടക്കുന്ന കവർച്ചയിലും അന്വേഷണം ആരംഭിച്ചു. വാഹനാപകടത്തിൽ അഞ്ചു പേർ മരിച്ചതിനെ തുടർന്നുള്ള അന്വേഷണമാണ് സ്വര്‍ണക്കവർച്ച സംഘങ്ങളിലേക്ക് വഴി തുറന്നത്.
കവർച്ചക്കായി വാട്‌സ് ആപ്പ് ഗ്രൂപ്പ്
ചെര്‍പ്പുളശേരിയില്‍ നിന്നെത്തിയ 15 അംഗ സംഘം ഇതിന് മുൻപ് എത്ര കവർച്ച നടത്തി, ആരെങ്കിലും കൊല്ലപ്പെട്ടോ തുടങ്ങിയ വിഷയങ്ങളാണ് പൊലീസ് അന്വേഷിക്കുന്നത്. ചെര്‍പ്പുളശേരി സ്വദേശിയായ സുഫിയാന്‍ എന്നയാളാണ് കവര്‍ച്ചാ സംഘത്തിന്‍റെ മുഖ്യ സൂത്രധാരനെന്നാണ് പൊലീസ് കണ്ടെത്തല്‍. കവര്‍ച്ചയ്ക്കായി 'ടിഡിവൈ' എന്ന പേരില്‍ വാട്‌സ് ആപ്പ് ഗ്രൂപ്പ് ഉണ്ടാക്കിയായിരുന്നു പ്രവര്‍ത്തനം.
കണ്ണികൾ നിരവധി
കരിപ്പൂർ പൊലീസിന്‍റെ കസ്‌റ്റഡിയിലുള്ള സലീം മുഖേനയാണ് സുഫിയാന്‍ മറ്റുള്ളവരുമായി ബന്ധം സ്ഥാപിച്ചതെന്ന് ചോദ്യം ചെയ്യലിൽ വ്യക്തമായി. ഒരു കോടി 11 ലക്ഷം രൂപ വില വരുന്ന രണ്ട് കിലോ 330 ഗ്രാം സ്വര്‍ണവുമായി പിടിയിലായ മലപ്പുറം മൂര്‍ക്കനാട് സ്വദേശി മുഹമ്മദ് ഷഫീഖിനെക്കുറിച്ചും അന്വേഷണം ആരംഭിച്ചു. ഇടനിലക്കാരനായ കണ്ണൂര്‍ സ്വദേശി അര്‍ജുനെ കുറിച്ചും പൊലീസ് അന്വേഷിച്ച് വരികയാണ്. ഇയാള്‍ മുഹമ്മദ് ഷഫീഖിനെ സ്വീകരിക്കാന്‍ വിമാനത്താവളത്തില്‍ എത്തിയതിനും തെളിവ് ലഭിച്ചു. എന്നാല്‍ ഷഫീഖ് പിടിയിലായെന്ന് അറിഞ്ഞതോടെ അർജുൻ മുങ്ങുകയായിരുന്നു.
കൊടുവള്ളിയിലേക്ക് കൊണ്ടു പോകാനാണ് സ്വർണം എത്തിച്ചതെന്നാണ് ലഭിക്കുന്ന വിവരം. ഈ വഴിയിൽ പിന്തുടർന്ന് സ്വർണം കവരാനായിരുന്നു അപകടത്തിൽപ്പെട്ട അഞ്ചു പേർ കോഴിക്കോട് ഭാഗത്തേക്ക് വന്നത്. എന്നാൽ പിന്തുടർന്ന വാഹനം മാറിയതോടെ അതിവേഗത്തിൽ സംഘം തിരിച്ച് പോകുകയായിരുന്നു. ഈ യാത്രയിലാണ് അപകടം ഉണ്ടായതെന്നും പൊലീസ് വ്യക്തമാക്കി. കൊടുവള്ളിയില്‍ നിന്ന് സ്വര്‍ണം കൈപ്പറ്റാൻ എത്തിയ സംഘാംഗങ്ങളെയും പിടികൂടി ചോദ്യം ചെയ്യും.
Also Read:കരിപ്പൂരില്‍ പുലര്‍ച്ചെ പിടിച്ചത് കവരാന്‍ ശ്രമിച്ച സ്വര്‍ണം, രാമനാട്ടുകര അപകടത്തിന് കാരണം ചേസിങ്