കോഴിക്കോട് : സ്വാതന്ത്ര്യ സമര പോരാട്ടത്തിന്‍റെ ഓർമകളുറങ്ങുന്ന ചേമഞ്ചേരി റെയിൽവേ സ്‌റ്റേഷനിൽ വർഷങ്ങൾക്ക് ശേഷം ചൂളം വിളി. കൊവിഡിനെ തുടർന്ന് നിർത്തലാക്കിയ എല്ലാ ട്രെയിനുകൾക്കും ഒക്‌ടോബർ പത്ത് മുതൽ ചേമഞ്ചേരി ഹാൾട്ട് സ്റ്റേഷനില്‍ സ്‌റ്റോപ്പ് അനുവദിക്കും.
കോയമ്പത്തൂർ-കണ്ണൂർ (16608), കോഴിക്കോട്-കണ്ണൂർ (06481), തൃശൂർ-കണ്ണൂർ (16609), കണ്ണൂർ-കോയമ്പത്തൂർ (16607), മംഗളൂരു-കോഴിക്കോട് (16610), കണ്ണൂർ-ഷൊർണൂർ മെമു, കണ്ണൂർ-കോഴിക്കോട് മെമു എന്നീ ട്രെയിനുകളാണ് ചേമഞ്ചേരിയില്‍ നിർത്തുക. ടിക്കറ്റ് നൽകാൻ സ്വകാര്യ ഏജന്‍റുമാരെ നിയോഗിക്കാനാണ് റെയില്‍വേയുടെ തീരുമാനം.
കാട് മൂടിക്കിടന്ന ചേമഞ്ചേരി റെയിൽവേ സ്‌റ്റേഷൻ പരിസരം കുടുംബശ്രീ, സന്നദ്ധ പ്രവർത്തകർ ചേർന്ന് ഗാന്ധി ജയന്തി ദിനത്തിൽ ശുചീകരിച്ചിരുന്നു. സ്വാതന്ത്ര്യ സമരത്തിന്‍റെ ഓർമകളുറങ്ങുന്ന റെയിൽവേ സ്റ്റേഷനെ ചരിത്ര സ്‌മാരകമാക്കണം എന്നാവശ്യപ്പെട്ട് നടന്ന ബഹുജന പ്രക്ഷോഭത്തിന്‍റെ തുടർച്ചയായാണ് ചേമഞ്ചേരിയിൽ വീണ്ടും ചൂളം വിളി ഉയരുന്നത്.