കോഴിക്കോട്: റെയിൽവെയിൽ ജോലി വാഗ്‌ദാനം ചെയ്‌ത് പണം തട്ടിയ കേസിലെ മൂന്ന് പ്രതികളെ മുക്കം പോലീസ് പിടികൂടി. ഏഴര ലക്ഷം രൂപ നഷ്‌ടമായെന്ന മൂന്നുപേരുടെ പരാതിയെ തുടർന്നാണ് പ്രതികളെ പിടികൂടിയത്. മുക്കം വല്ലത്തായിപാറ സ്വദേശി ഷിജു, സഹോദരൻ സിജിൻ, എടപ്പാൾ സ്വദേശി ബാബു എന്നിവരാണ് അറസ്‌റ്റിലായത്.
തട്ടിപ്പിന്‍റെ മുഖ്യ ആസൂത്രകയെന്ന് പൊലീസ് സംശയിക്കുന്ന എടപ്പാൾ സ്വദേശി അശ്വതി വാര്യർ ഒളിവിലാണ്. വിവിധ തസ്‌തികകളിൽ ഉയർന്ന ശമ്പളത്തോടെ ജോലി വാഗ്‌ദാനം ചെയ്‌താണ് ലക്ഷങ്ങൾ തട്ടിയത്. കോഴിക്കോട് തിരുവമ്പാടിയിൽ മാത്രം അമ്പത് പേരെങ്കിലും തട്ടിപ്പിനിരയായെന്നാണ് പൊലീസ് നിഗമനം. യുവാക്കളാണ് തട്ടിപ്പിനിരയായവരിൽ ഏറെയും.
റെയില്‍വെ റിക്രൂട്ട്‌മെന്‍റ് ബോര്‍ഡിന്‍റേതെന്ന് തെറ്റിദ്ധരിപ്പിക്കുന്ന ഇമെയില്‍ ഉപയോഗിച്ചായിരുന്നു തട്ടിപ്പ്. എന്നാൽ ചിലര്‍ക്ക് ദക്ഷിണ റെയില്‍വെ ബോര്‍ഡ് ചെയര്‍മാന്‍റെ പേരില്‍ വ്യാജ നിയമന ഉത്തരവും നൽകി. ഉദ്യോഗാർഥികളുടെ വാട് സാപ്പ് ഗ്രൂപ്പിൽ, പലരുടെയും പേരിൽ ജോലി കിട്ടിയതായുള്ള സന്ദേശങ്ങൾ പതിവായിരുന്നു. ഇതു വിശ്വസിച്ചാണ് കൂടുതൽ പേർ കുടുങ്ങിയതെന്നാണ് പൊലീസ് പറയുന്നത്.
ബിജെപി നേതാക്കൾക്കൊപ്പമുളള ചിത്രങ്ങൾ വരെ കാണിച്ചാണ് പ്രതികൾ തട്ടിപ്പ് നടത്തിയത്. അറസ്‌റ്റിലായവർ ബിജെപി അനുഭാവികളാണെന്നും ഇവർക്കെതിരെ ചങ്ങരംകുളം, പൊന്നാനി പൊലീസ് സ്‌റ്റേഷനുകളിൽ സമാന പരാതികളുണ്ടെന്നും പൊലീസ് പറഞ്ഞു.