കോഴിക്കോട് : സ്വർണക്കടത്ത് സംഘവുമായി ബന്ധമുള്ളവരെ തട്ടിക്കൊണ്ടുപോയ ക്വട്ടേഷൻ സംഘം അറസ്റ്റിൽ. മലപ്പുറം സ്വദേശികളായ മുഹമ്മദ് സമീർ, ജയരാജൻ, കടലുണ്ടി സ്വദേശി രതീഷ്, റഹൂഫ്, എന്നിവരാണ് പിടിയിലായത്. പേരാമ്പ്ര സ്വദേശി വെള്ളിയൂർ പോറോളി വീട്ടിൽ മുഹമ്മദ് ഷഹീറിനെയും, മായനാട് സ്വദേശി തയ്യിൽത്താഴം വീട്ടിൽ ഫാസിലിനെയും തട്ടിക്കൊണ്ടുപോയ കേസിലാണ് നടപടി.
ഏപ്രിൽ 27 നാണ് സംഭവം. ദുബൈയിൽ നിന്നും ഒരു കിലോ സ്വർണവുമായി കരിപ്പൂർ വിമാനത്താവളത്തിലെത്തിയ വയനാട് സ്വദേശിയായ അബ്ദുൾ നിസാർ സ്വർണം ഉടമസ്ഥർക്ക് നൽകാതെ കടന്നുകളയുകയായിരുന്നു. ഇതോടെ സ്വര്‍ണക്കടത്ത് സംഘം, ഇയാളെ ഏര്‍പ്പാടാക്കിയ മുഹമ്മദ് ഷഹീറിനേയും ഫാസിലിനേയും തട്ടിക്കൊണ്ടുപോയി തടവിലാക്കുകയായിരുന്നു.
Also Read: കരിപ്പൂരില്‍ 73.50 ലക്ഷത്തിന്‍റെ സ്വര്‍ണം പിടികൂടി
തടവിലാക്കിയ ഇരുവരേയും സംഘം ക്രൂരമായി മര്‍ദിക്കുകയും അബ്ദുള്‍ നിസാറില്‍ നിന്നും സ്വര്‍ണം തിരിച്ചെടുത്ത് തരണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. യുവാക്കളെ കാണാതായതോടെ ബന്ധുക്കള്‍ പൊലീസിനെ സമീപിക്കുകയായിരുന്നു. ഇതോടെയാണ് കേസില്‍ മെഡിക്കല്‍ കോളജ് പൊലീസ് അന്വേഷണം ആരംഭിച്ചത്.
മെഡിക്കൽ കോളജ് അസിസ്റ്റന്‍റ് കമ്മിഷണർ കെ സുദർശൻ, ഇൻസ്പെക്ടർ ബെന്നിലാവു എം എൽ. സബ് ഇൻസ്പെക്ടർ രമേഷ് കുമാർ എ എന്നിവരുടെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്. ഫാസിലിനെയും ഷബീറിനെയും തട്ടിക്കൊണ്ടു പോകാൻ ഉപയോഗിച്ച കാറും പൊലീസ് കണ്ടെടുത്തു. കേസുമായി ബന്ധപ്പെട്ട മുഴുവൻ ആളുകളെയും പിടികൂടുമെന്നും പൊലീസ് അറിയിച്ചു.