കോഴിക്കോട് : താമരശ്ശേരിയിൽ നിന്ന് ക്വട്ടേഷന്‍ സംഘം തട്ടിക്കൊണ്ടുപോയ വ്യാപാരി തിരികെ വീട്ടിലെത്തി. മുക്കത്ത് സൂപ്പര്‍ മാര്‍ക്കറ്റ് നടത്തുന്ന മുഹമ്മദ് അഷ്‌റഫാണ് തിരിച്ചെത്തിയത്. ഇയാളെ അക്രമിസംഘം വിട്ടയച്ചുവെന്ന് പൊലീസിന് വിവരം കിട്ടിയിരുന്നെങ്കിലും കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല.
പൊലീസ് തിരയുന്നതിനിടെയാണ് ഇന്നലെ(ഒക്‌ടോബർ 25) രാത്രി വൈകി അഷ്‌റഫ് വീട്ടിൽ എത്തിയത്. താമരശ്ശേരി പൊലീസ് ഇയാളിൽ നിന്ന് വിശദമായ മൊഴി എടുക്കും. കൊല്ലത്ത് കണ്ണുകെട്ടി ഇറക്കി വിട്ടുവെന്നും അവിടെ നിന്ന് ബസിൽ കോഴിക്കോട് എത്തിയെന്നുമാണ് അഷ്‌റഫ് പറയുന്നത്.
മൊബൈൽ ഫോൺ ക്വട്ടേഷന്‍ സംഘം കൈവശപ്പെടുത്തിയെന്നും അഷ്‌റഫ് പൊലീസിനെ അറിയിച്ചു. കേസിൽ മലപ്പുറം പുത്തനത്താണി സ്വദേശി മുഹമ്മദ് ജൗഹറെ ഇന്നലെ രാവിലെ അറസ്റ്റ് ചെയ്‌തിരുന്നു. ഗൂഢാലോചനയില്‍ പങ്കെടുത്ത മറ്റ് രണ്ടുപേരുടെ അറസ്റ്റും പൊലീസ് രേഖപ്പെടുത്തിയിട്ടുണ്ട്.
മുഹമ്മദ് അഷ്‌റഫിനെ ശനിയാഴ്‌ച രാത്രി 8.45 നാണ് താമരശ്ശേരിയില്‍ നിന്ന് രണ്ട് വാഹനങ്ങളില്‍ എത്തിയ സംഘം തട്ടിക്കൊണ്ടുപോയത്. സിസിടിവി ദൃശ്യങ്ങളും ദൃക്‌സാക്ഷി മൊഴികളും അടിസ്ഥാനമാക്കി അന്വേഷണം ഊര്‍ജിതമാക്കിയിട്ടും അഷ്‌റഫ് എവിടെയെന്ന് കണ്ടെത്താന്‍ സാധിച്ചിരുന്നില്ല. ഇയാളെ കടത്തിക്കൊണ്ടുപോകാന്‍ ഉപയോഗിച്ച രണ്ട് വാഹനങ്ങള്‍ പൊലീസ് നേരത്തെ കസ്റ്റഡിയിലെടുത്തിരുന്നു.
കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കേസില്‍ പ്രതിയായ അലി ഉബൈറാന്‍റെ നേതൃത്വത്തിലുളള സംഘമാണ് അഷ്‌റഫിനെ തട്ടിക്കൊണ്ടുപോയതെന്ന് പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്.