കോഴിക്കോട്: Quotation team leader arrested: പശ്ചിമ ബംഗാൾ സ്വദേശിയിൽ നിന്ന് സ്വർണം കവർന്ന ക്വട്ടേഷൻ സംഘത്തലവൻ പിടിയിൽ. കഞ്ചാവ് കടത്തൽ കേസുകൾ ഉൾപ്പെടെ നിരവധി കവർച്ച കേസുകളിൽ പ്രതിയായിട്ടുള്ള എൻ.പി ഷിബി (40) ആണ് പൊലീസ് പിടിയിലായത്. കസബ പൊലീസ് ഇസ്പെക്ടർ എൻ. പ്രജീഷിൻ്റെ നേതൃത്വത്തിൽ കോഴിക്കോട് സിറ്റി ക്രൈം സ്ക്വാഡും കസബ പൊലീസും ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
ALSO READ:കോതനല്ലൂരിൽ വ്യാപാരിയെ ആക്രമിച്ച കേസ് : ഗുണ്ടാ സംഘത്തിലെ 5 പേർ അറസ്റ്റിൽ
പശ്ചിമ ബംഗാളിലെ വർധമാൻ സ്വദേശിയായ റംസാൻ അലിയിൽനിന്ന് സെപ്റ്റംബർ 20ന് രാത്രിയാണ് ഇയാൾ 1.2 കിലോഗ്രാം സ്വർണം കവർന്നത്. പിന്നീട് വിവിധ സംസ്ഥാനങ്ങളിൽ ഒളിവിൽ കഴിയുകയായിരുന്നു. യാതൊരു വിധ തെളിവുകളും അവശേഷിപ്പിക്കാതെ നടത്തിയ കവർച്ചയിൽ പൊലീസിന്‍റെ പഴുതടച്ച അന്വേഷണമാണ് പ്രതിയെ പിടികൂടുന്നതിലേക്ക് നയിച്ചത്.
കഴിഞ്ഞ 15 വർഷത്തോളമായി കോഴിക്കോട് താമസിച്ച് സ്വർണാഭരണ നിർമാണ ജോലി ചെയ്തുവരുന്ന ആളാണ് റംസാൻ അലി. ലിങ്ക് റോഡിലുള്ള തൻ്റെ സ്വർണ ഉരുക്ക് ശാലയിൽ നിന്നും മാങ്കാവിലേക്ക് 1.2 കിലോഗ്രാം സ്വർണവുമായി ബൈക്കിൽ യാത്ര ചെയ്യുമ്പോൾ ബൈക്കിലെത്തിയ എട്ടുപേർ ചേർന്ന് കണ്ടംകുളം ജൂബിലി ഹാളിനു സമീപം വെച്ച് അക്രമിച്ച് കവർച്ച ചെയ്തു എന്നതാണ് കേസ്.