കോഴിക്കോട് : ഭൂപരിധി ലംഘിച്ച് പിവി അൻവര്‍ എംഎൽഎ (PV Anwar MLA) കൈക്കലാക്കിയ 6.25 ഏക്കർ ഭൂമി തിരിച്ചുപിടിക്കാൻ താമരശ്ശേരി താലൂക്ക് (Thamarassery Taluk) ലാൻഡ് ബോർഡിൻ്റെ (Land Board) ഉത്തരവ്. ഒരാഴ്‌ചയ്ക്കകം നടപടി പൂർത്തിയാക്കാനാണ് ലാൻഡ് ബോർഡ് നിർദേശിച്ചിരിക്കുന്നത്. കോഴിക്കോടും പാലക്കാടുമായുള്ള ഭൂമിയാണ് തിരിച്ചുപിടിക്കുക.
മിച്ചഭൂമി കേസില്‍ (Surplus Land Case) ലാന്‍ഡ് ബോര്‍ഡിനെ തെറ്റിദ്ധരിപ്പിക്കാന്‍ പിവി അന്‍വര്‍ എംഎല്‍എ വ്യാജരേഖ ചമച്ചെന്ന ഓതറൈസ്‍ഡ് ഓഫിസറുടെ റിപ്പോര്‍ട്ട് (Authorised Officer's Report) നേരത്തെ പുറത്തുവന്നിരുന്നു. അന്‍വറും ഭാര്യയും ചേര്‍ന്ന് പീവിയാര്‍ എന്‍റര്‍ടെയ്ന്‍മെന്‍റ് എന്ന പേരില്‍ പങ്കാളിത്ത സ്ഥാപനം തുടങ്ങിയത് ഭൂപരിഷ്‌കരണ നിയമം (Land Acquisition Act) മറികടക്കാന്‍ വേണ്ടിയാണെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.
ലാന്‍ഡ് ബോര്‍ഡിന്‍റെ ഉത്തരവിലേക്ക് ഇങ്ങനെ : അന്‍വറിന്‍റെ പക്കല്‍ 15 ഏക്കറിലേറെ മിച്ചഭൂമിയുണ്ടെന്നും ഇത് സര്‍ക്കാരിന് വിട്ടുനല്‍കാന്‍ നിര്‍ദേശം നല്‍കാവുന്നതാണെന്നും ഓതറൈസ്‌ഡ് ഓഫിസര്‍ താലൂക്ക് ലാന്‍ഡ് ബോര്‍ഡിന് സമര്‍പ്പിച്ച റിപ്പോര്‍ട്ടിലുണ്ടായിരുന്നു. ഭൂപരിഷ്‌കരണ നിയമം മറികടക്കാനായി പങ്കാളിത്ത നിയമവും സ്‌റ്റാമ്പ് നിയമവും അന്‍വറും കുടുംബവും ലംഘിച്ചുവെന്നതാണ് റിപ്പോര്‍ട്ടിലെ പ്രധാന ഉളളടക്കം (PV Anvar's Surplus Land Case).
46.83 ഏക്കർ അധിക ഭൂമി അൻവറിൻ്റെ കൈവശമുണ്ടെന്നാണ് പരാതിക്കാരായ വിവരാവകാശ കൂട്ടായ്‌മ രേഖാമൂലം ലാൻഡ് ബോർഡിന് മുന്നിൽ സമർപ്പിച്ചത്. ലാന്‍ഡ് ബോര്‍ഡിന്‍റെ അന്വേഷണം നടക്കുന്നതിനിടെ കൈവശമുളള അധിക ഭൂമി അന്‍വറും ഭാര്യയും വില്‍പ്പന നടത്തിയതായി പരാതിക്കാര്‍ ആരോപിച്ചു.
അന്‍വറിന്‍റെ പേരില്‍ കൂടരഞ്ഞി വില്ലേജിലുണ്ടായിരുന്ന 90 സെന്‍റ് ഭൂമി മലപ്പുറം ജില്ലയിലെ ഒരു കരാറുകാരനും ഭാര്യ ഹഫ്‌സത്തിന്‍റെ പേരില്‍ കൂടരഞ്ഞി വില്ലേജിലുണ്ടായിരുന്ന 60 സെന്‍റ് ഭൂമി മലപ്പുറം ഊര്‍ങ്ങാട്ടിരിയിലെ മറ്റൊരാള്‍ക്കുമാണ് വില്‍പ്പന നടത്തിയതെന്നാണ് ആരോപണം. അൻവറിന്‍റെയും കുടുംബത്തിന്‍റെയും പക്കൽ 19 ഏക്കർ മിച്ചഭൂമിയുണ്ടെന്നാണ് ലാൻഡ് ബോർഡ് കണ്ടെത്തിയത്. ഇതില്‍ നിന്നാണ് 6.25 ഏക്കർ കണ്ടുകെട്ടാൻ ഉത്തരവായത്.