കോഴിക്കോട്: നിലമ്പൂർ എംഎൽഎ പി വി അൻവറിൻ്റെ കൈവശം 19 ഏക്കർ അധിക ഭൂമിയെന്ന് ലാന്‍ഡ് ബോര്‍ഡ് കണ്ടെത്തൽ. അൻവറിനും കുടുംബാംഗങ്ങൾക്കും ലാൻഡ് ബോർഡ് നോട്ടിസ് അയച്ചു. അധികഭൂമി സംബന്ധിച്ച് ഒരാഴ്ചയ്ക്കകം വിശദീകരണം നൽകാനും നിർദേശം. ആവശ്യമായ രേഖകൾ ഹാജരാക്കാത്തതിനാൽ നടപടികൾ നീണ്ടുപോകുന്നുവെന്നും ലാന്‍ഡ് ബോര്‍ഡ് വ്യക്തമാക്കി.
2007ൽ തന്നെ അൻവർ ഭൂപരിധി മറികടന്നിരുന്നു എന്നാണ് കണ്ടെത്തൽ. മിച്ചഭൂമി കേസ് തീര്‍പ്പാക്കുന്നതിന് ഹൈക്കോടതിയില്‍ മൂന്ന് മാസം കൂടി സാവകാശം തേടിയതിന് പിന്നാലെയാണ് താമരശ്ശേരി താലൂക്ക് ലാന്‍ഡ് ബോര്‍ഡ് നടപടികള്‍ വേഗത്തിലാക്കിയത്. അന്‍വറും കുടുംബവും ഭൂപരിഷ്‌കരണ നിയമം ലംഘിച്ചെന്ന് കാണിച്ച് വിവരാവകാശ കൂട്ടായ്‌മയാണ് തെളിവുകള്‍ ലാന്‍ഡ് ബോര്‍ഡിന് കൈമാറിയത്.
താമരശ്ശേരി താലൂക്ക് ലാൻഡ് ബോർഡ് സിറ്റിങ്ങിലാണ് 34.37 ഏക്കർ അധിക ഭൂമിയുടെ രേഖകൾ വിവരാവകാൾ കൂട്ടായ്‌മ കൈമാറിയത്. ഇതടക്കം 46.83 ഏക്കർ അധിക ഭൂമി അൻവറിൻ്റെ കൈവശമുണ്ടെന്നാണ് രേഖാമൂലം ലാൻഡ് ബോർഡിന് മുന്നിൽ ലഭിച്ച പരാതി. ലാന്‍ഡ് ബോര്‍ഡിന്‍റെ അന്വേഷണം നടക്കുന്നതിനിടെ കൈവശമുളള അധിക ഭൂമി അന്‍വറും ഭാര്യയും വില്‍പന നടത്തിയതായി പരാതിക്കാര്‍ ആരോപിച്ചു.
അന്‍വറിന്‍റെ പേരില്‍ കൂടരഞ്ഞി വില്ലേജിലുണ്ടായിരുന്ന 90 സെന്‍റ് ഭൂമി മലപ്പുറം ജില്ലയിലെ ഒരു കരാറുകാരനും, ഭാര്യ ഹഫ്‌സത്തിന്‍റെ പേരില്‍ കൂടരഞ്ഞി വില്ലേജില്‍ ഉണ്ടായിരുന്ന 60 സെന്‍റ് ഭൂമി മലപ്പുറം ഊര്‍ങ്ങാട്ടിരിയിലെ മറ്റൊരാള്‍ക്കുമാണ് വില്‍പന നടത്തിയതെന്നാണ് ആരോപണം. 2016 ലെ നിയമസഭ തെരഞ്ഞെടുപ്പ് രേഖകളിൽ സമര്‍പ്പിച്ച സത്യവാങ്‌മൂലം അടിസ്ഥാനമാക്കിയാണ് അന്‍വര്‍ അധിക ഭൂമി കൈവശം വച്ചിരിക്കുന്നതായുളള പരാതി വിവരാവകാശ പ്രവര്‍ത്തകര്‍ ലാന്‍ഡ് ബോര്‍ഡിന് മുന്നില്‍ കൊണ്ടുവന്നത്.
മിച്ചഭൂമി കേസ് അഞ്ച് വര്‍ഷം കഴിഞ്ഞിട്ടും നടപടികള്‍ പൂര്‍ത്തിയാക്കാതെ വന്നതോടെ ഹൈക്കോടതി നിലപാട് കടുപ്പിച്ചിരുന്നു. ഇതിന് പിന്നാലെ താമരശ്ശേരി ലാന്‍ഡ് ബോര്‍ഡിന്‍റെ ചുമതലയുളള ഉദ്യോഗസ്ഥര്‍ കോടതിയില്‍ മാപ്പപേക്ഷ നൽകിയിരുന്നു. ഓഗസ്റ്റ് പത്തിനകം പരമാവധി രേഖകൾ ഹാജരാക്കാൻ ഇരു വിഭാഗത്തിനും ലാൻഡ് ബോർഡ് കർശന നിർദേശം നൽകി.
അന്‍വറിന്‍റെ കൈവശ ഭൂമിയെ ചൊല്ലി കെ വി ഷാജി കോടതിയില്‍: പി വി അന്‍വറിന്‍റെയും കുടുംബത്തിന്‍റെയും കൈവശം അനധികൃത ഭൂമിയുണ്ടെന്ന് ചൂണ്ടിക്കാട്ടി വിവരാവകാശ പ്രവര്‍ത്തകന്‍ കെ വി ഷാജിയാണ് ആദ്യം കോടതിയെ സമീപിച്ചത്. പിന്നാലെ ഭൂമി തിരിച്ച് പിടിക്കാന്‍ 2020ല്‍ ആദ്യമായി ഹൈക്കോടതി ഉത്തരവിറക്കി. എന്നാല്‍ ഹൈക്കോടതി ഉത്തരവുണ്ടായിട്ടും അധികൃതര്‍ നടപടി സ്വീകരിച്ചില്ല. തുടര്‍ന്ന് 2022 ജനുവരിയില്‍ വീണ്ടും കെ വി ഷാജി കോടതിയെ സമീപിക്കുകയായിരുന്നു.
പിന്നാലെ കേടതി വീണ്ടും ഭൂമി തിരിച്ച് പിടിക്കാന്‍ ഉത്തരവിട്ടു. രണ്ടാമത്തെ കോടതി ഉത്തരവ് വന്നിട്ടും പി വി അന്‍വറിനെതിരെ യാതൊരു നടപടിയും എടുക്കാത്തത് ചൂണ്ടിക്കാട്ടി കെ വി ഷാജി വീണ്ടും കോടതിയെ സമീപിച്ചു. കോടതി ഉത്തരവ് നടപ്പിലാക്കേണ്ട നാല് ലാന്‍ഡ് ബോര്‍ഡ് ചെയര്‍മാന്മാരെ അടിക്കടി സ്ഥലം മാറ്റിയതെന്നും ഹര്‍ജിയില്‍ പരാതിക്കാരനായ കെ വി ഷാജി ചൂണ്ടിക്കാട്ടി. ഇതോടെ നടപടികളെല്ലാം പൂര്‍ത്തിയാക്കി മൂന്ന് മാസത്തിനകം ഭൂമി തിരിച്ച് പിടിക്കണമെന്ന് കോടതി നിര്‍ദേശിക്കുകയായിരുന്നു. ഭൂമി തിരിച്ച് പിടിക്കാന്‍ മൂന്ന് മാസം സാവകാശം വേണമെന്ന ലാന്‍ഡ് ബോര്‍ഡ് ചെയര്‍മാന്‍റെ ആവശ്യപ്രകാരമാണ് കോടതി സമയം അനുവദിച്ചത്.