കോഴിക്കോട്: ലോക്ക് ഡൗൺ തുടങ്ങുന്നതിന് ഒരാഴ്‌ച മുൻപ് മാർച്ച് പകുതിയോടെയാണ് കോഴിക്കോട് ബീച്ചിലെ ഉന്തുവണ്ടികൾ കടയടച്ച് മടങ്ങിയത്. എല്ലാം ശരിയാകും എന്ന പ്രത്യാശയോടെ മടങ്ങിയവർ അഞ്ചു മാസമായിട്ടും കടകളിലേക്ക് തിരിച്ചെത്തിയിട്ടില്ല. ബീച്ചിലെ സായാഹ്നങ്ങളിൽ ചൂട് ചായയും പലഹാരവും ഐസ് ഒരതിയും ഉപ്പിലിട്ട മാങ്ങയും നെല്ലിക്കയും നുണഞ്ഞു നടന്ന ഓർമകൾ ആരും മറന്നിട്ടുണ്ടാവില്ല. ജില്ലയിൽ കോർപ്പറേഷൻ പരിധിയിൽ ലൈസൻസുള്ള 104 ഉന്തുവണ്ടി കച്ചവടക്കാർ ഉണ്ട്. ഇവരിൽ ചായയും ചെറുകടിയും വിൽക്കുന്നവരും ഐസൊരതിയും ഉപ്പിലിട്ടതും വിൽക്കുന്നവരുമാണ് ഏറെ. ലോക്ക് ഡൗൺ തുടങ്ങിയതിന് ശേഷം അഞ്ചുമാസമായി ഇവരിലാർക്കും യാതൊരു വരുമാനവും ഇല്ല. ആകെ കിട്ടുന്ന റേഷനരിയും ഗോതമ്പും ചെറുപയറും കഴിച്ചാണ് ഇത്രയും കാലം ജീവിതം മുന്നോട്ട് തള്ളി നീക്കിയത്. അതിനാൽ തന്നെ കൊവിഡും ലോക്ക് ഡൗണും ദിവസവേതനക്കാരായ ഈ തൊഴിലാളികൾക്ക് സമ്മാനിച്ചത് ദുരിതക്കയമാണ്.
ഒരു ഉന്തുവണ്ടിയിലെ കച്ചവടം കൊണ്ട് ഒരാൾ മാത്രമല്ല ജീവിക്കുന്നത്. മാർക്കറ്റിൽ നിന്ന് സാധനങ്ങൾ കൊണ്ടു വരുന്നവർ, ചായക്കടക്കാർ, പലഹാരക്കച്ചവടക്കാർ, ഐസ് ഉരതുന്നവർ എന്നിങ്ങനെ നിരവധി പേരുടെ ഉപജീവന മാർഗം കൂടിയാണ് ഒരു ഉന്തുവണ്ടി. ബേപ്പൂർ, കല്ലായി, പെരുമണ്ണ, പുതിയാപ്പ, വെള്ളയിൽ എന്നിവിടങ്ങളിൽ നിന്നുള്ള ഉന്തുവണ്ടിക്കാരും കോഴിക്കോട് ബീച്ചിൽ കച്ചവടം നടത്തിയിരുന്നു. എന്നാൽ, മാസങ്ങളോളം പൂട്ടിയിട്ട ഉന്തുവണ്ടികൾക്ക് കേടുപാടുകൾ സംഭവിച്ചിട്ടുണ്ടോയെന്ന് പരിശോധിക്കാൻ പോലും കൊവിഡ് അന്തരീക്ഷം അനുവദിക്കുന്നില്ല. അതിനാൽ തന്നെ, മഹാമാരിക്ക് ശേഷം കച്ചവടത്തിലേക്ക് തിരിച്ച് പോകാനാവുമോ എന്ന ആശങ്കയും കച്ചവടക്കാർക്കുണ്ട്.