കോഴിക്കോട്: കേരളത്തിൽ ഭരണത്തുടർച്ച ഉണ്ടാകണമെന്നാണ് ജനങ്ങളുടെ ആഗ്രഹമെന്ന് പി.ടി.എ.റഹീം എം.എൽ.എ. കഴിഞ്ഞ തെരഞ്ഞെടുപ്പിനേക്കാൾ മികച്ച ഭൂരിപക്ഷത്തോടെ വിജയിക്കുമെന്നും അദ്ദേഹം പറഞ്ഞു.
കുന്ദമംഗലം നിയോജക മണ്ഡലത്തിൽ എല്‍ഡിഎഫ് സ്വതന്ത്രനായാണ് പി.ടി.എ.റഹീം അംഗത്തിനിറങ്ങുന്നത്. 2006ൽ കെ മുരളീധരനെ 7506 വോട്ടുകൾക്ക് പരാജയപ്പെടുത്തിയാണ് റഹീം ആദ്യമായി എംഎൽഎയാകുന്നത്. മണ്ഡലം പുനർവിഭജനമുണ്ടായതോടെ 2011ൽ കുന്ദമംഗലത്തേക്ക് മാറിയ റഹീം രണ്ടുതവണ കുന്ദമംഗലത്തെ പ്രതിനിധീകരിച്ച യു സി രാമനെയാണ് കടുത്ത പോരാട്ടത്തിൽ 3269 വോട്ടുകൾക്ക് പരാജയപ്പെടുത്തിയത്.
2016 ൽ കോൺഗ്രസ് നേതാവായ ടി സിദ്ദിഖാണ് റഹീമിനെ നേരിടാനെത്തിയത്. പ്രചാരണ രംഗത്ത് മികച്ച മുന്നേറ്റം നടത്തിയ സിദ്ദിഖിന്‍റെ വിജയം ചാനലുകൾ ഉൾപ്പെടെ പ്രഖ്യാപിച്ചുവെങ്കിലും 11205 വോട്ടിന്‍റെ മിന്നുന്ന ഭൂരിപക്ഷവുമായി എല്ലാ പ്രവചനങ്ങളെയും അസ്ഥാനത്താക്കിയാണ് റഹീം രണ്ടാംതവണ കുന്ദമംഗലത്ത് വെന്നിക്കൊടി പാറിച്ചത്. വികസന രംഗത്ത് ഏറെ പിന്നാക്കം നിന്നിരുന്ന കുന്ദമംഗലം മണ്ഡലത്തെ മികച്ച ആസൂത്രണത്തിലൂടെ മുൻ നിരയിലെത്തിക്കാൻ സാധിച്ചു എന്നതാണ് റഹീമിന് ഇത്തവണ ആത്മവിശ്വാസമേകുന്ന മുഖ്യഘടകം.