കോഴിക്കോട്: പുള്ളാവൂർ പുഴയില്‍ നിന്ന് മെസിയുടെയും നെയ്‌മറുടെയും കട്ടൗട്ടുകൾ മാറ്റേണ്ടതില്ലെന്ന് അഡ്വ. പി ടി എ റഹീം എംഎൽഎ. ചീപ് പബ്ലിസിറ്റിക്ക് വേണ്ടി ചിലർ ഉയർത്തുന്ന വാദത്തിന് ഒരു അടിസ്ഥാനവുമില്ലെന്ന് എംഎൽഎ പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു അദ്ദേഹത്തിന്‍റെ പ്രതികരണം.
കട്ടൗട്ടുകൾ സ്ഥാപിച്ച സ്ഥലം ഗ്രാമപഞ്ചായത്തിന്‍റെയോ നഗരസഭയുടെയോ അധികാരപരിധിയിൽ വരുന്നതല്ലെന്നും കുടിവെള്ള സംവിധാനത്തിന് വേണ്ടി സർക്കാർ വിട്ടുനൽകിയ ഭാഗമാണിതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സ്ഥലം സന്ദർശിച്ചപ്പോൾ കട്ടൗട്ടുകൾ പുഴയുടെ സ്വാഭാവിക ഒഴുക്കിനെ ഒരുതരത്തിലും ബാധിക്കുന്നില്ലെന്ന് മനസിലായെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പോസ്റ്റിന്‍റെ പൂര്‍ണ രൂപം: പുള്ളാവൂരിൽ സ്ഥാപിച്ച മെസിയുടെയും നെയ്‌മറുടെയും കട്ടൗട്ടുകൾ എടുത്തുമാറ്റണമെന്ന വാദത്തിൽ കഴമ്പില്ല. കട്ടൗട്ടുകൾ സ്ഥാപിച്ച സ്ഥലം ചാത്തമംഗലം ഗ്രാമപഞ്ചായത്തിന്‍റെയും കൊടുവള്ളി നഗരസഭയുടെയും അതിർത്തിയിലാണെങ്കിലും രണ്ട് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും അധികാരപരിധിയിലല്ല. എൻഐടിയുടെ കുടിവെള്ള സംവിധാനത്തിനുവേണ്ടി സർക്കാർ വിട്ടുനൽകിയ ഭാഗമാണിത്.
എൻഐടിയുടെ ചെക്ക് ഡാമിനോട് ചേർന്നുള്ള സ്ഥലത്ത് സ്ഥാപിച്ച കട്ടൗട്ടുകൾ പുഴയുടെ സ്വാഭാവിക ഒഴുക്കിനെ ഒരുതരത്തിലും ബാധിക്കില്ലെന്ന് അവിടെ സന്ദർശിച്ചപ്പോൾ ബോധ്യപ്പെട്ടതാണ്. ചീപ് പബ്ലിസിറ്റിക്കുവേണ്ടി ചിലയാളുകൾ ഉയർത്തുന്ന വാദത്തിന് ഒരടിസ്ഥാനവുമില്ല. ഈ വിഷയത്തിൽ മെസിക്കും നെയ്‌മർക്കും ഫുട്ബോൾ ആരാധകരുടെ ആഹ്ലാദത്തിനുമൊപ്പമാണ്.
ദേശങ്ങൾക്കും ഭാഷകൾക്കും അപ്പുറം മനുഷ്യരെ ഒന്നിപ്പിക്കുന്ന കാൽപന്ത് കളിക്കൊപ്പമാണ്. അഡ്വ. പി.ടി.എ റഹീം എം.എൽ.എ