കോഴിക്കോട് : ഇ കെ സുന്നി വിഭാഗം അധ്യക്ഷന്‍ ജിഫ്രി മുത്തുക്കോയ തങ്ങളെ അധിക്ഷേപിച്ചെന്ന വിഷയത്തിൽ മുസ്‌ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പിഎംഎ സലാമിനെതിരെ പ്രതിഷേധം ശക്തമാകുന്നു (Protest against PMA Salam on the issue of abuse). മുഖ്യമന്ത്രിയുടെ ഒരു ഫോണ്‍കോള്‍ കിട്ടിയാല്‍ എല്ലാമായി എന്ന് വിചാരിക്കുന്ന ആളുകള്‍ സമുദായത്തിലുണ്ടെന്നും ഇത്തരമൊരു നയം വച്ചുപുലര്‍ത്തുന്ന പാര്‍ട്ടിയോടുള്ള സമീപനം എന്താണെന്ന് അത്തരം ആളുകള്‍ (ഫോണ്‍കോള്‍ വരുന്നവര്‍) വ്യക്തമാക്കണമെന്നും മത സംഘടനാ നേതാക്കള്‍ക്ക് ഇതില്‍ വലിയ ഉത്തരവാദിത്തമുണ്ടെന്നുമായിരുന്നു മലപ്പുറത്ത് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സലാം പറഞ്ഞത്.
തട്ടം വിവാദത്തില്‍ സിപിഎമ്മിനെ വിമര്‍ശിക്കുന്നതിനിടെയായിരുന്നു ജിഫ്രി തങ്ങളെ ഉന്നംവച്ചുള്ള സലാമിന്‍റെ ഒളിയമ്പ് (PMA Salam insulted Jifri Muthukkoya Thangal). ഇതോടെ സലാമിനെതിരെ സമൂഹ മാധ്യമങ്ങളില്‍ വിമര്‍ശനം ശക്തമാവുകയാണ്. മുസ്‌ലിം ലീഗിന്‍റെ ചരിത്രത്തിലെ ഏറ്റവും പക്വതയില്ലാത്ത സെക്രട്ടറി എന്നാണ് സലാമിനെ വിശേഷിപ്പിക്കുന്നത്. ഐഎൻഎല്ലിൽ ആയിരിക്കെ സിപിഎം വോട്ടിൻ്റെ പിൻബലത്തിൽ വിജയിച്ച് എംഎൽഎ ആയതിലൂടെ വാങ്ങുന്ന പെൻഷൻ മര്യാദയുണ്ടെങ്കിൽ വേണ്ടെന്നുവയ്ക്കണമെന്നും സമസ്‌ത അനുകൂലികൾ പോസ്‌റ്റുകളിലൂടെ ആവശ്യപ്പെടുന്നു.
ALSO READ: അനില്‍ കുമാറിന്‍റേത് അസംബന്ധ പരാമര്‍ശം, സിപിഎം എരിതീയില്‍ എണ്ണയൊഴിക്കുന്നു : വിഡി സതീശന്‍
അനില്‍ കുമാറിന്‍റെ പരാമര്‍ശം : തട്ടം വേണ്ടെന്നുപറയുന്ന പെൺകുട്ടികൾ മലപ്പുറത്ത് ഉണ്ടായത് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ പ്രവർത്തനം കൊണ്ടാണെന്ന സിപിഎം സംസ്ഥാന കമ്മിറ്റി അംഗം അഡ്വ. അനിൽ കുമാറിന്‍റെ പ്രസ്‌താവനയാണ് വിവാദമായത്. തലസ്ഥാനത്ത് സി. രവിചന്ദ്രന്‍റെ നേതൃത്വത്തിലുളള യുക്തിവാദ സംഘടനയായ എസന്‍സ് ഗ്ലോബല്‍ സംഘടിപ്പിച്ച ലിറ്റ്‌മസ് 2023 നാസ്‌തിക സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മുസ്‌ലിം മത സംഘടന നേതാക്കൾക്കൊപ്പം സിപിഎം സഹയാത്രികൻ കെടി ജലീലും സിപിഎം എംപി എഎം ആരിഫും പ്രസ്‌താവനക്കെതിരെ രംഗത്തെത്തിയതോടെയാണ് സംഗതി പാർട്ടിയുടെ കൈവിട്ടത്.
ALSO READ: 'തട്ടം വേണ്ടെന്നു പറയുന്ന പെൺകുട്ടികൾ മലപ്പുറത്ത്', അനില്‍കുമാർ കൊളുത്തി വിട്ട വിവാദം കത്തുന്നു
അഡ്വ. അനിൽ കുമാറിന്‍റെ പ്രസ്‌താവന മുസ്‌ലിം ലീഗ് ഗൗരവമായി കാണുന്നു എന്ന് ജനറൽ സെക്രട്ടറി പിഎംഎ സലാം പറഞ്ഞതോടെ വിഷയം രാഷ്ട്രീയ ചർച്ചയായി. വിശ്വാസങ്ങളുടെ മുകളിൽ സിപിഎം കടന്നുകയറുകയാണെന്നാണ് പിഎംഎ സലാം ആരോപിച്ചത്. വഖഫും ശബരിമലയും അതിന്‍റെ ഉദാഹരണങ്ങളാണ്. മലപ്പുറത്ത് ആരാണ് തട്ടം ഒഴിവാക്കിയതെന്ന് ചോദിച്ച സലാം, പുതിയ തലമുറ പോലും തട്ടമിടുന്നുണ്ടെന്ന് വ്യക്തമാക്കി.
ALSO READ: ഏകീകൃത സിവിൽ കോഡ്; മതസംഘടനകളുടെ യോഗം വിളിച്ച് മുസ്ലിം ലീഗ്
തട്ടം തലയിൽ കിടന്നാൽ എന്താണ് വിഷയമെന്നും സലാം ചോദിച്ചു. അനിൽകുമാറിന്‍റെ വാക്കുകൾ സിപിഎം അംഗീകരിക്കുന്നുണ്ടോയെന്ന് ചോദിച്ച അദ്ദേഹം പാർട്ടിയിലെ ഉത്തരവാദപ്പെട്ട നേതാക്കൾ ഇതിന് മറുപടി പറയണമെന്നും ആവശ്യപ്പെട്ടു.