കോഴിക്കോട് : എൽ.എസ്.എസ് പരീക്ഷയുടെ ചോദ്യപേപ്പർ തയാറാക്കിയവർക്കെതിരെ പരാതികള്‍ വ്യാപകമാകുന്നു. വിദ്യാർഥികളെ കണ്ണീരിലാഴ്ത്തിയ പരീക്ഷക്കെതിരെ അധ്യാപകരും രക്ഷിതാക്കളും രംഗത്തെത്തി. ചോദ്യ പേപ്പർ തയ്യാറാക്കുന്ന രീതിക്കെതിരെ പ്രത്യക്ഷ പ്രതിഷേധത്തിലേക്ക് കടക്കുകയാണ് അധ്യാപക സംഘടനയായ കെ.പി.എസ്.ടി.എ.
കൊവിഡിന്‍റെ അതിപ്രസരം കുറഞ്ഞതിന് ശേഷം പഠനത്തിന് കിട്ടിയത് ചുരുങ്ങിയ സമയമാണ്. അതിന് പിന്നാലെയാണ് സ്കോളർഷിപ്പ് പരീക്ഷ വന്നത്. പരീക്ഷയിലെ ചോദ്യങ്ങള്‍ തുമ്പിയെ കൊണ്ട് കല്ലെടുപ്പിക്കുന്ന രീതിയിലായിരുന്നുവെന്ന് അദ്ധ്യാപകര്‍ ആരോപിക്കുന്നു. നാലാം ക്ലാസ് വിദ്യാര്‍ഥികള്‍ക്ക് നല്‍കിയ ചോദ്യങ്ങള്‍ കുട്ടികളുടെ നിലവാരത്തിനും ഏറെ മുകളിലാണെന്നും ആക്ഷേപമുണ്ട്. കുഞ്ഞുങ്ങളെ പരീക്ഷക്കിരുത്തി, ചോദ്യകർത്താക്കൾ അവരവരുടെ അറിവ് അളക്കുകയാണ് ചെയ്തതെന്ന് കെ.പി.എസ്.ടി.എ. കോഴിക്കോട് ജില്ല സെക്രട്ടറി പ്രവീൺ ടി. കെ പറഞ്ഞു.
അധ്യാപക പരീശീലനത്തിലെ നിര്‍ദേശം കാറ്റില്‍ പറത്തി: കുട്ടികൾക്ക് പ്രയാസവും നിരാശയും സമ്മാനിച്ചു എന്നതാണ് പരീക്ഷ നടത്തിയതുകൊണ്ട് ലഭിച്ചത്. അധ്യാപക പരീശീലന സമയത്ത് പഠന വിടവ് നികത്താനായിരുന്നു നിർദേശം. എന്നാൽ ചോദ്യപേപ്പറിന് ഇതൊന്നും ബാധകമായില്ല. ഇത് ക്രൂരതയാണ്. ഗ്രേസ് മാർക്കിൽ ഇളവ് വരുത്തുക എന്നത് മാത്രമാണ് ഇനി വിദ്യാഭ്യാസ വകുപ്പിന് ചെയ്യാൻ കഴിയുന്ന നടപടി. കുട്ടികളുടെ മാനസിക നില തെറ്റിക്കുന്ന ചോദ്യ രീതിക്കെതിരെ പ്രതിഷേധം ശക്തമാക്കുമെന്നും പ്രവീൺ പറഞ്ഞു.
സാമൂഹ്യ മാധ്യമങ്ങളില്‍ പ്രതിഷേധം : അധ്യാപകരുടേയും രക്ഷിതാക്കളുടേയും സാമൂഹ്യ മാധ്യമ ഗ്രൂപ്പുകളിലും പ്രതിഷേധം ഉയരുകയാണ്. എല്‍എസ്എസ് പരീക്ഷ, പഠന വിടവുകളൊക്കെ അവഗണിച്ച് കുട്ടികളെ പരീക്ഷണത്തിലും നിരാശയിലുമാക്കി എന്നാണ് ഒരു ഗ്രൂപ്പില്‍ അധ്യാപിക പറഞ്ഞത്. ''ഒരു കാര്യം വ്യക്തമാണ് നാലാം ക്ലാസ്സിനെ അറിയാത്ത, ടെക്സ്റ്റ് ബുക്ക് കാണാത്ത മറ്റെന്തോ പണികൾ മാത്രം എടുക്കുന്ന ചിലരാണ് നമ്മൾ രാവും പകലും പഠിപ്പിക്കുന്ന ഈ കുട്ടികളെ വിലയിരുത്താനുള്ള ചോദ്യങ്ങൾ തയ്യാറാക്കുന്നത്. ചോദ്യ കർത്താവിന്റെ ക്വാളിറ്റി എന്താണ് എന്നറിയാനും താൽപ്പര്യപ്പെടുന്നു''- മറ്റൊരു അധ്യാപകന്‍ കുറിച്ചു.
''എല്‍ എസ് എസ് ചോദ്യപേപ്പറിൽ ശരിയായ ഉത്തരമില്ലായ്മ, മേൽ സൂചിപ്പിച്ച പോലെ വ്യക്തമല്ലാത്ത സൂചനകൾ, മലയാള ചോദ്യങ്ങളിൽപ്പോലും അക്ഷരത്തെറ്റുകൾ - വളരെയധികം പ്രതീക്ഷയോടെ ആയിരക്കണക്കിന് കുട്ടികളും അധ്യാപകരും കഠിന പ്രയത്നം ചെയ്ത് കാത്തിരുന്ന എല്‍എസ്എസ് പരീക്ഷയിൽ ഇങ്ങനെ സംഭവിച്ചത് ഖേദകരം തന്നെ" - മറ്റൊരു അധ്യാപകന്‍ കുറിച്ചു.