കോഴിക്കോട്: കൊയിലാണ്ടിയിൽ ട്രാഫിക് നിയമങ്ങൾ ലംഘിച്ച സ്വകാര്യ ബസുകൾക്കെതിരെ നടപടിയെടുക്കാൻ മോട്ടോർ വാഹന വകുപ്പ്. ട്രാഫിക് നിയമങ്ങൾ കാറ്റിൽ പറത്തി അപകടകരമായ രീതിയിൽ വാഹനമോടിക്കുന്ന ബസുകൾക്കെതിരെ നടപടിയെടുക്കാനാണ് മോട്ടോർ വാഹന വകുപ്പിന്‍റെ തീരുമാനം. കൊയിലാണ്ടി ബസ് സ്‌റ്റാൻഡിന് സമീപത്ത് വച്ച് ബസുകളുടെ മരണപ്പാച്ചിലിനിടയിൽ നിന്ന് യാത്രക്കാരി തലനാരിഴയ്ക്ക് രക്ഷപ്പെടുന്ന സംഭവം ഇന്നലെ(10-11-2022) നടന്നിരുന്നു.
ആദ്യമെത്തിയ ബസിൽ നിന്നും ഇറങ്ങി ബസ് സ്‌റ്റാൻഡിലേക്ക് നടക്കുന്നതിനിടെയാണ് അമിത വേഗത്തിൽ രണ്ടാമത്തെ ബസ് എത്തിയത്. ആദ്യ ബസിനെ മറികടന്ന് മുന്നിലേക്ക് പോകുന്ന യാത്രക്കാരി രണ്ടാമത്തെ ബസിനിടയിൽ കുടുങ്ങാതെ രക്ഷപ്പെടുന്നത് ദൃശ്യങ്ങളിൽ വ്യക്തമായി കാണാം.
ഇതിന്‍റെ വീഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് മോട്ടോർ വാഹന വകുപ്പിന്‍റെ നടപടി. ഡ്രൈവർമാരുടെ ലൈസൻസ് സസ്പെൻഡ് ചെയ്യുന്നത് അടക്കം കടുത്ത നടപടി എടുക്കുമെന്ന് മോട്ടോർ വാഹന വകുപ്പ് അറിയിച്ചു. രണ്ട് ബസുകൾക്ക് എതിരെയും നടപടിയെടുക്കുമെന്നാണ് വിവരം.