കോഴിക്കോട് : നടപടികൾ ശക്തമാക്കിയെന്ന് പറയുമ്പോഴും സ്വകാര്യ ബസുകളുടെ മരണപ്പാച്ചിലിന് വേഗം കൂടുകയാണ്. അപകടം വരുത്തിവയ്ക്കുന്ന ഡ്രൈവർമാർക്കെതിരെ നടപടിയെടുത്തിട്ടും ഒരു ഫലവും കാണുന്നില്ല. പതിമൂന്നും പതിനൊന്നും വയസുള്ള രണ്ട് കുഞ്ഞുങ്ങളെ അനാഥരാക്കി, ഒരു ബസ് ഡ്രൈവർ ആ മാതാപിതാക്കളുടെ ജീവൻ എടുത്തപ്പോൾ പുറത്തുവരുന്ന കണക്കുകൾ ഭയപ്പെടുത്തുന്നതും ഞെട്ടിക്കുന്നതുമാണ്. ജില്ലയിൽ മാത്രം ഒരു വർഷത്തിനിടെ സസ്പെൻഷൻ വാങ്ങിയ ഡ്രൈവർമാരുടെ എണ്ണം 600-ൽ ഏറെ.
ഇതിൽ മനുഷ്യ ജീവനെടുത്തവരുടെ എണ്ണം ഒമ്പതാണ്. അമിതവേഗത്തിൽ വാഹനം ഓടിച്ചതിന് 375 ബസ് ഡ്രൈവർമാരുടെ ലൈസൻസുകൾ സസ്പെൻഡ് ചെയ്‌തപ്പോൾ മൊബൈൽ ഫോൺ ഉപയോഗിച്ചതിനും അലക്ഷ്യമായി വാഹനമോടിച്ചതിനും 192 ബസ് ഡ്രൈവർമാരുടെ ലൈസൻസും സസ്പെൻഡ് ചെയ്‌തു. മദ്യപിച്ച് വാഹനമോടിച്ച സംഭവങ്ങളിൽ 12 ബസ് ഡ്രൈവർമാരുടെയും അമിതമായി യാത്രക്കാരെ കയറ്റിയതിന് 22 ബസ് ഡ്രൈവർമാരുടെയും ലൈസൻസുകൾ താത്കാലികമായി മരവിപ്പിച്ചു.
മൂന്ന് മുതൽ ആറ് മാസം വരെയാണ് ലൈസൻസ് സസ്പെൻഷൻ കാലാവധി. അതുകഴിഞ്ഞ് വളയം പിടിക്കുമ്പോൾ പൂർവാധികം ശക്തിയോടെ ഇവർ 'പണി' തുടരും. എന്നിട്ടും ബസുകളുടെ മത്സരയോട്ടത്തിനും അമിത വേഗത്തിനും തടയിടാൻ മോട്ടോർ വാഹന വകുപ്പിന് കഴിയുന്നില്ല. ഇത്തരം ഡ്രൈവർമാരെ അനുകൂലിക്കുന്നവരും നാട്ടിൽ കുറവല്ല. അവർക്ക് യഥാസമയം ഓടിയെത്തേണ്ടതുകൊണ്ടല്ലേ ഈ മരണപ്പാച്ചിൽ എന്നാണ് അവരുടെ വാദം. എന്നാൽ സമയത്തിന്‍റെ പേരിൽ തമ്മിൽതല്ല് നടക്കുന്നത് ബസുകാർക്കിടയിലാണ്. അത് പരിശോധിക്കാനുള്ള ചെക്ക് പോസ്റ്റുകളിലൊന്നും ആൾപ്പെരുമാറ്റമില്ല.
സംസ്ഥാനത്ത് 2022 ൽ സ്വകാര്യ ബസുകൾ വരുത്തിവച്ച അപകടങ്ങളിൽ 215 പേരാണ് മരണപ്പെട്ടത്. 2021ൽ മരണ നിരക്ക് 115 ആയിരുന്നു. ഒരു വർഷം കൊണ്ട് നൂറ് പേരുടെ വർധനവാണ് ഉണ്ടായിട്ടുള്ളത്. കഴിഞ്ഞ വർഷം 1,902 അപകടങ്ങളാണ് സ്വകാര്യ ബസുകൾ കാരണം സംസ്ഥാനത്തുണ്ടായത്. ഇതിൽ 201 അപകടങ്ങളിൽ ജീവനുകൾ പൊലിഞ്ഞിട്ടുണ്ട്. മരിച്ചവരും ഗുരുതര പരിക്കേറ്റവരും നിസാര പരിക്കേറ്റവരും അടക്കം ആകെ 2,472 പേരാണ് അപകടത്തിൽപ്പെട്ടത്. 2021-ൽ സ്വകാര്യ ബസുകൾ മൂലമുണ്ടായത് 919 അപകടങ്ങളാണ്. ഇനിയും അപകടകാരികളായ ഡ്രൈവർമാരെ കയറൂരി വിട്ടാൽ റോഡിലെ കുരുതിക്കളങ്ങളുടെ എണ്ണം കൂടുകയേയുള്ളൂ.
കഴിഞ്ഞ തിങ്കളാഴ്‌ച (ഒക്‌ടോബർ 16) രാവിലെയാണ് മലാപ്പറമ്പ് ബെെപ്പാസിൽ അമിത വേഗത്തിലെത്തിയ സ്വകാര്യ ബസ് സ്‌കൂട്ടർ യാത്രികരായ ദമ്പതികളെ ഇടിച്ച് തെറിപ്പിച്ചത്. കക്കോടി സ്വദേശി ഷൈജു, ഭാര്യ ജീമ എന്നിവരാണ് മരിച്ചത്. ദമ്പതികൾ സഞ്ചരിച്ച സ്‌കൂട്ടർ രണ്ട് സ്വകാര്യ ബസുകൾക്കിടയിൽപ്പെടുകയായിരുന്നു. മുന്നിലുള്ള ബസിനെ മറികടക്കാൻ ശ്രമിച്ചിരുന്ന പിറകിലുള്ള ബസ് ഇവർ സഞ്ചരിച്ച സ്‌കൂട്ടറിനെയും മറ്റൊരു ബൈക്കിനെയും ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. രണ്ട് ബസുകൾക്കിടയിൽ ഞെരിഞ്ഞമർന്ന് ഗുരുതരമായി പരിക്കേറ്റ ദമ്പതികൾ ആശുപത്രിയിൽ എത്തുമ്പോഴേക്കും മരണപ്പെട്ടിരുന്നു.
അപകടത്തിന് പിന്നാലെ പരിശോധന : സ്വകാര്യ ബസ് ഇടിച്ച് സ്‌കൂട്ടർ യാത്രികരായ ദമ്പതികളുടെ മരണത്തിന് പിന്നാലെ കോഴിക്കോട് ജില്ലയിൽ പരിശോധന ശക്തമാക്കി മോട്ടോർ വാഹന വകുപ്പ് അധികൃതർ. ഒക്‌ടോബർ 17-നാണ് നിയമലംഘനങ്ങൾ കണ്ടെത്തുന്നതിനായി ജില്ലയുടെ വിവിധ ഭാഗങ്ങളിലായി കോഴിക്കോട് ആർ.ടി.ഒ എൻഫോഴ്സ്മെന്‍റ് വിഭാഗത്തിന്‍റെ നേതൃത്വത്തിൽ പരിശോധന നടത്തിയത്. കോഴിക്കോട് മൊഫ്യൂസൽ ബസ് സ്റ്റാൻഡ്, മെഡിക്കൽ കോളജ് ബസ് സ്റ്റാൻഡ്, കുന്ദമംഗലം, മാവൂർ തുടങ്ങി വിവിധ സ്ഥലങ്ങൾ കേന്ദ്രീകരിച്ചായിരുന്നു പരിശോധന.
സ്വകാര്യ ബസുകൾ നിയമം തെറ്റിച്ച് സർവീസ് നടത്തുന്നതും മറ്റ് നിയമലംഘനകളും കണ്ടെത്തുന്നതിനായിരുന്നു പരിശോധന. കൂടാതെ ഡ്രൈവർമാരുടെയും കണ്ടക്‌ടർമാരുടെയും ലൈസൻസ് പരിശോധനയും ഊർജിതമാക്കിയിട്ടുണ്ട്. നിയമലംഘനം നടത്തിയതായി കണ്ടെത്തിയവരില്‍ നിന്ന് പിഴയും ഈടാക്കി. ഡ്രൈവർമാർക്കും കണ്ടക്‌ടർമാർക്കും പുറമെ ക്ലീനർമാരെയും ബോധവത്കരിക്കുന്നുണ്ട്.