കോഴിക്കോട്: കാലു മാറി ശസ്‌ത്രക്രിയ നടത്തിയ നാഷണൽ ആശുപത്രിയിലെ ഡോക്‌ടർ പി ബെഹിർഷാന് പിഴവ് പറ്റിയെന്ന് പ്രാഥമിക അന്വേഷണ റിപ്പോർട്ട്. ജില്ല മെഡിക്കൽ ഓഫിസർക്ക് അഡീഷണൽ ഡിഎംഒ റിപ്പോർട്ട് സമർപ്പിച്ചു. സംഭവത്തിൽ വിശദമായ അന്വേഷണം ആവശ്യമാണെന്നും റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു.
വിദഗ്‌ധസംഘം കൂടുതൽ പരിശോധന നടത്തും. ആശുപത്രി അധികൃതർ ഉൾപ്പെടെയുള്ളവരെ തിങ്കളാഴ്‌ച വിളിച്ചുവരുത്തി തെളിവെടുക്കും. എല്ല് രോഗവിദഗ്‌ധര്‍ ഉള്‍പെടെയുള്ള ഡോക്‌ടർമാർ അടങ്ങുന്ന സംഘമായിരിക്കും തെളിവെടുക്കുക. ആരോഗ്യ മന്ത്രി വീണ ജോർജിന്‍റെ നിർദേശ പ്രകാരമായിരുന്നു ജില്ല ആരോഗ്യ വിഭാഗം അന്വേഷണം നടത്തിയത്.
വാതിലിനിടയില്‍ കുടുങ്ങി ഇടതുകാലിന് പരിക്കേറ്റതിനെ തുടര്‍ന്ന് ഒരു വര്‍ഷമായി, 60കാരിയായിരുന്ന സജ്‌മ ഡോക്‌ടര്‍ ബഹിര്‍ഷായുടെ ചികിത്സയിലായിരുന്നു. കാലിന് വേദന വര്‍ധിച്ചതിനെ തുടര്‍ന്ന് സജ്‌മ ശസ്‌ത്രക്രയ്‌ക്ക് വിധേയയാവുകയായിരുന്നു. അനസ്‌തേഷ്യയുടെ മയക്കം വിട്ടപ്പോഴാണ് കാല് മാറി ശസ്‌ത്രക്രിയ നടത്തിയ വിവരം അറിയുന്നത്.
ഇക്കാര്യം ഡോക്‌ടറോട് പറഞ്ഞപ്പോള്‍ തെറ്റുപറ്റിയെന്ന് ഡോക്‌ടര്‍ സമ്മതിക്കുകയായിരുന്നു. എന്നാല്‍, ഡോക്‌ടറുടെ മുഖം രക്ഷിക്കാന്‍ ആശുപത്രി അധികൃതര്‍ ചികിത്സ രേഖകളില്‍ കൃത്രിമം കാട്ടിയതിനെ തുടര്‍ന്നാണ് ബന്ധുക്കള്‍ തെളിവുകള്‍ പുറത്ത് വിട്ടത്.