കോഴിക്കോട് : എവിടെയും വിലക്കയറ്റമാണ് ചർച്ചാവിഷയം. മനുഷ്യന് ആവശ്യമായ ഏത് വസ്‌തുവിനും വില കയറിക്കൊണ്ടേയിരിക്കുന്നു. അതിനനുസരിച്ച് ഹോട്ടലുകളിലും ചായക്കടകളിലുമെല്ലാം സാധനസാമഗ്രികള്‍ക്ക് വില വർധിച്ചുകൊണ്ടിരിക്കുകയാണ്.
അവിടെയാണ് ഒരു വ്യത്യസ്‌തനായ വ്യക്തിയെ കണ്ടുമുട്ടിയത്. കോഴിക്കോട് തളി ക്ഷേത്രം റോഡിൽ ചായക്കട നടത്തുന്ന കുട്ടേട്ടൻ. കഴിഞ്ഞ മൂന്നര പതിറ്റാണ്ടായി കുട്ടേട്ടൻ ഈ ഒറ്റമുറി പീടികയിലുണ്ട്. അന്നുണ്ടാക്കിയ കട്ടൻ ചായയ്ക്കും ഇന്ന് കൊടുക്കുന്ന കട്ടൻ ചായയ്ക്കും വാങ്ങിക്കുന്നത് ഒരു രൂപയാണ്. ഒരു കിലോ പഞ്ചസാരയ്ക്ക് 40 രൂപയ്ക്ക് മുകളിലും ചായപ്പൊടിക്ക് ഗുണമേന്മയ്ക്ക് അനുസരിച്ച് പല വിലയുമുള്ള സമയത്താണ് കട്ടൻ ചായ ഒരു രൂപയ്ക്ക് കൊടുക്കുന്നതെന്നതാണ് ശ്രദ്ധേയം.
'ഒരു രൂപ' വിപ്ലവം: വളരെ കാലം മുമ്പ് തന്നെ അതിരാവിലെ മുതൽ വൈകിട്ട് വരെ കുട്ടേട്ടൻ ചായ കൊടുക്കുമായിരുന്നു. ലോക്ക്ഡൗണിൽ കടയൊക്കെ അടച്ചുപൂട്ടി പിന്നീട് തുറന്നപ്പോൾ കച്ചവടം കുറഞ്ഞു. ഇപ്പോൾ രാവിലെ ഒമ്പത് മണി മുതൽ ഉച്ചവരെയാണ് ചായക്കച്ചവടം. കടയിൽ വന്നയുടൻ സമാവർ ചൂടാക്കും. പിന്നീട് നടന്നുപോയി വെള്ളം എടുത്തുകൊണ്ടുവരണം. അത് കഴിഞ്ഞാൽ പിന്നെ പലഹാര നിർമാണ സ്ഥലത്തേക്ക് ഒരു പോക്കാണ്.
അവിടെ നിന്ന് പത്തിരിയും ഉള്ളിവടയും ബോണ്ടയും പഴംപൊരിയും എല്ലാം എത്തിക്കും. പിന്നീട് നിരന്തരം ചായ അടിയാണ്. ഒരു ചായയ്ക്കും ഒരു പലഹാരത്തിനും പത്തു രൂപയാണ് കണക്ക്. മറ്റു കടകളിൽ അതിന് 20 രൂപയും അതിനും മുകളിലുമാണ്. ഇത് എങ്ങനെയാണ് പോകുന്നതെന്ന് ചോദിച്ചാൽ, ജീവിതത്തിൽ ഒരിക്കലും ഒന്നും ഒത്തുപോയിട്ടില്ല എന്നതാണ് മറുപടി. ആദ്യകാലത്തൊക്കെ നല്ല തിരക്കുണ്ടായിരുന്ന സമയത്ത് ദിനംപ്രതി ലാഭം കിട്ടുമായിരുന്ന 3000വും 4000വുമൊക്കെ വേണ്ടെന്നുവച്ചിട്ടുണ്ട്. അത് ഇന്നാണെങ്കിൽ എങ്ങനെ നോക്കിയാലും 1000 രൂപയെങ്കിലും മിച്ചം കിട്ടേണ്ടതാണ്. എന്നിട്ടും കുട്ടേട്ടന്‍റെ കച്ചവടം നഷ്‌ടത്തിൽ ഓടിക്കൊണ്ടിരിക്കുകയാണ്.
ചായ പീടികയിലെ രാഷ്‌ട്രീയം: വളരെ ചെറുപ്പത്തില്‍ ഇദ്ദേഹത്തിന് രാഷ്ട്രീയത്തോടായിരുന്നു താല്‍പര്യം. ഇന്ത്യൻ നാഷണൽ കോൺഗ്രസിന്‍റെ പ്രവർത്തകനായി ഒരുപാട് ഇടങ്ങളിൽ നടന്നിട്ടുമുണ്ട്. അതായത് തെരഞ്ഞെടുപ്പ് ചിഹ്നമായി കൈപ്പത്തി വരുന്നതിന് മുമ്പുള്ള ചിഹ്നവും പെട്ടിയും എല്ലാം എടുത്തുനടന്നിട്ടുണ്ട്. ഒരുപാട് കൊടി പിടിച്ചിട്ടുമുണ്ട്. കയ്യിൽ വരുന്നതെല്ലാം പാർട്ടിക്ക് വേണ്ടി ചിലവഴിച്ച ഇദ്ദേഹം ഒരു രൂപ പോലും പാർട്ടിയിൽ നിന്ന് ഉപയോഗപ്പെടുത്തിയിട്ടില്ല.
കോൺഗ്രസ് രണ്ടായപ്പോൾ ഇന്ദിരാഗാന്ധിക്ക് ഒപ്പമായിരുന്നു മനസ്. അവരെയും രാജീവ് ഗാന്ധിയെയും എല്ലാം അടുത്ത് കണ്ടിട്ടുണ്ട്. പലതവണ ഡൽഹിയിൽ പോയി. പക്ഷേ ഒരു സ്ഥാനവും ഏറ്റെടുത്തിട്ടില്ല. പാർട്ടി പിളർന്ന് പലതായെങ്കിലും ഇന്ത്യയിൽ കോൺഗ്രസ് തന്നെയാണ് അനിവാര്യത എന്ന് കുട്ടേട്ടൻ ഉറപ്പിച്ചുപറയുന്നു. അതിൻ്റെ ആശയങ്ങൾ നല്ലതാണെന്നും പക്ഷേ നേതാക്കളാണ് എല്ലാ നാശങ്ങൾക്കും വഴിമരുന്നിട്ട് കൊടുക്കുന്നതെന്നും അദ്ദേഹം പറയുന്നു. കോൺഗ്രസിൽ പ്രവർത്തിക്കുന്ന സമയത്തും മറ്റ് രാഷ്ട്രീയ പാർട്ടികളോടും നേതാക്കളോടും ബഹുമാനമായിരുന്നുവെന്നും അന്ന് തുടങ്ങിയ ജനസേവനമാണ് ഇപ്പോൾ ചായയിലൂടെ നിലനിർത്തിക്കൊണ്ടുപോകുന്നതെന്നും കുട്ടേട്ടന്‍ പറയുന്നു.
വിലക്കയറ്റത്തെയും മറികടന്ന്: ഇദ്ദേഹത്തിന് ഭാര്യയും രണ്ട് മക്കളുമുണ്ട്. മൂത്തമകൾ ആതിര കെമിസ്ട്രിയില്‍ പിജി കഴിഞ്ഞു. രണ്ടാമത്തെ മകൾ ഭദ്ര ബയോ മെഡിക്കൽ എഞ്ചിനിയറിങ് വിദ്യാർഥിനിയാണ്. വീട്ടുചെലവ് കൊണ്ടുപോകുന്നതും കുട്ടികളെ പഠിപ്പിച്ചതും എല്ലാം ഈ ചായ വിറ്റാണ്. ഇപ്പോൾ കച്ചവടം തീരെ കുറഞ്ഞു. അതിനനുസരിച്ച് കടം കയറി പെരുകിവരികയുമാണ്. എവിടെയെത്തും എങ്ങനെ അവസാനിക്കും എന്നൊന്നും അറിയില്ലെന്നും കുട്ടേട്ടന്‍ പറയുന്നു.
ജനങ്ങൾക്ക് വേണ്ടി ജീവിക്കുക അവരുടെ ഇഷ്‌ടത്തിന് അനുസരിച്ച് ആവശ്യമുള്ളത് ചെയ്‌തുകൊടുക്കുക - സാധിക്കുന്ന കാലമത്രയും അത് തുടരും. ഇപ്പോൾ 75 കഴിഞ്ഞുവെന്നും ആഗ്രഹങ്ങൾ ഒരുപാടൊന്നും ഇല്ലെന്നും അദ്ദേഹം പറയുന്നു. അതുകൊണ്ടുതന്നെ ജീവിതത്തിലെ നഷ്‌ടങ്ങളെക്കുറിച്ച് ചിന്തിക്കാറുമില്ല. ഇനി എത്ര വലിയ വിലക്കയറ്റം വന്നാലും ഈ കച്ചവടം ഇങ്ങനെ തന്നെ തുടരും. അതിൽ നിന്ന് കിട്ടുന്ന സന്തോഷമാണ് ഏറ്റവും വലിയ സമ്പാദ്യമെന്നതുമാണ് കുട്ടേട്ടന്‍റെ രീതി.