കോഴിക്കോട് : പ്രസവ ശസ്ത്രക്രിയക്കിടെ വയറ്റിൽ കത്രിക കുടുങ്ങിയ സംഭവത്തിൽ പുതുക്കിയ പ്രതിപ്പട്ടിക പൊലീസ് നാളെ (സെപ്‌റ്റംബര്‍ 1) കോടതിയിൽ സമർപ്പിക്കും (Police Report On Harshina Case ). കുന്നമംഗലം കോടതിയിലാണ് റിപ്പോർട്ട് നല്‍കുക. 2017 നവംബർ 30ന് കോഴിക്കോട് മെഡിക്കൽ കോളജിൽ (Government Medical College Kozhikode) ഹർഷിനയ്ക്ക് പ്രസവ ശസ്ത്രക്രിയ നടത്തിയ സംഘത്തിലെ അസിസ്റ്റൻ്റ് പ്രൊഫസർ, ജൂനിയർ റസിഡൻ്റ്, രണ്ട് നഴ്‌സുമാര്‍ എന്നിവരാണ് പ്രതിപ്പട്ടികയിൽ ഉള്ളത്. പ്രതികളെ വിചാരണ ചെയ്യാൻ അനുമതി അപേക്ഷയും കോടതിയിൽ നൽകും. അനുമതി ലഭിച്ചതിന് ശേഷമായിരിക്കും അറസ്റ്റ് ഉൾപ്പടെയുള്ള നടപടികളിലേക്ക് പൊലീസ് കടക്കുക.
മെഡിക്കൽ നെഗ്ലിജൻസ് ആക്ട് (Medical Negligence Act) പ്രകാരം മെഡിക്കൽ കോളജ് പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ അഞ്ച് മാസം കൊണ്ടാണ് പൊലീസ് അന്വേഷണ റിപ്പോർട്ട് തയ്യാറാക്കിയത്. കോഴിക്കോട് മെഡിക്കൽ കോളജിലെ പ്രസവ ശസ്ത്രക്രിയക്കിടെയാണ് ഹർഷിനയുടെ വയറ്റിൽ കത്രിക കുടുങ്ങിയത് എന്നായിരുന്നു പൊലീസിൻ്റെ കണ്ടെത്തൽ. ഈ റിപ്പോർട്ട് ജില്ല മെഡിക്കൽ ബോർഡ് തള്ളിയെങ്കിലും തുടർ നടപടികളുമായി പൊലീസ് മുന്നോട്ട് പോവുകയായിരുന്നു. നടപടികളുമായി മുന്നോട്ട് പോകാമെന്ന് പൊലീസിന് ജില്ല ഗവൺമെൻ്റ് പ്ലീഡറുടെ നിയമോപദേശം ലഭിച്ചതിന് ശേഷമാണ് പുതിയ റിപ്പോർട്ട് സമർപ്പിക്കുന്നത്. മാതൃശിശു സംരക്ഷണ കേന്ദ്രം മുൻ സൂപ്രണ്ട്, രണ്ട് യൂണിറ്റ് ഡോക്ടർമാർ എന്നിവർക്കെതിരെയായിരുന്നു പൊലീസ് ആദ്യ റിപ്പോർട്ട് സമർപ്പിച്ചിരുന്നത്. ഇവരെ പട്ടികയിൽ നിന്ന് ഒഴിവാക്കാനും പൊലീസ് കോടതിയിൽ ആവശ്യപ്പെടും.
അതിനിടെ കേസിൽ ഡോക്ടർമാരെ പ്രതിചേർത്ത് കുറ്റപത്രം സമർപ്പിക്കാനുള്ള പൊലീസ് നീക്കത്തിനെതിരെ മെഡിക്കൽ കോളജ് ഡോക്ടർമാരുടെ സംഘടനയായ കെജിഎംസിടിഎ (KGMCTA) രംഗത്തെത്തിയിരുന്നു. ഹർഷിനയുടെ വയറ്റിൽ കത്രിക കുടുങ്ങിയത് കോഴിക്കോട് മെഡിക്കൽ കോളജിൽ നിന്നാണെന്ന് വരുത്തി തീർക്കാൻ പൊലീസ് വ്യഗ്രത കാണിക്കുന്നു എന്നായിരുന്നു സംഘടനയുടെ ആരോപണം. സംസ്ഥാന മെഡിക്കൽ ബോർഡിൻ്റെ അനുമതിയില്ലാതെ ഡോക്ടർമാർക്കെതിരെ ക്രിമിനൽ കേസെടുക്കാനാവില്ലെന്നും നടപടിക്രമം പാലിക്കാതെ പൊലീസ് മുന്നോട്ട് പോയാൽ നോക്കിയിരിക്കില്ലെന്നും കെജിഎംസിടിഎ മുന്നറിയിപ്പ് നൽകിയിരുന്നു. പ്രതികളെ അറസ്റ്റ് ചെയ്താൽ പ്രവർത്തനം നിർത്തിവച്ച് സമരം ചെയ്ത് പ്രതിഷേധിക്കാനും ഡോക്ടർമാരുടെ സംഘടന ആലോചിക്കുന്നുണ്ട്.
ഇക്കഴിഞ്ഞ മെയ് 22 നാണ് ഹർഷിന കോഴിക്കോട് മെഡിക്കൽ കോളജിന് മുന്നിൽ അനിശ്ചിത കാല സത്യഗ്രഹ സമരം തുടങ്ങിയത്. ഇതിനിടെ രാഷ്ട്രീയ-സാമൂഹ്യ-സാംസ്കാരിക മേഖലകളിലെ നിരവധി പ്രമുഖർ ഹർഷിനയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് സമരപ്പന്തലിലെത്തി. സമരത്തിൻ്റെ 100ാം ദിനമായ തിരുവോണനാളിൽ, ഹർഷിന സമര സഹായ സമിതിയുടെ നേതൃത്വത്തിൽ നടന്ന പട്ടിണി സദ്യ, നടനും സാംസ്‌കാരിക പ്രവർത്തകനുമായ ജോയ് മാത്യുവാണ് (joy Mathew) ഉദ്‌ഘാടനം ചെയ്തത്.
2017ൽ തൻ്റെ മൂന്നാമത്തെ പ്രസവത്തിന് കോഴിക്കോട് മെഡിക്കൽ കോളജിൽ നടത്തിയ ശസ്ത്രക്രിയയെ തുടർന്നാണ് ഹർഷിനയുടെ വയറ്റിൽ കത്രികയ്ക്ക് സമാനമായ ആർട്ടറി ഫോർസെപ്‌സ് എന്ന ശസ്ത്രക്രിയ ഉപകരണം കുടുങ്ങുന്നത്. പിന്നീട് 2022 സെപ്റ്റംബർ 17 നാണ് കോഴിക്കോട് മെഡിക്കൽ കോളജിൽ നിന്നുതന്നെ ഹർഷിനയുടെ വയറ്റിൽ ഉപകരണം പുറത്തെടുക്കുന്നത്.