കോഴിക്കോട്: മെഡിക്കൽ കോളജ് ആശുപത്രിയിൽ പീഡന പരാതി നൽകിയ യുവതിയുടെ മൊഴി തിരുത്താൻ സമ്മർദ്ദം ചെലുത്തിയ അഞ്ച് പേർക്കെതിരെ പൊലീസ് കേസ് എടുത്തു. ജാമ്യമില്ല വകുപ്പുകൾ പ്രകാരമാണ് കേസ് രജിസ്‌റ്റര്‍ ചെയ്‌തിരിക്കുന്നത്. ഒരു നഴ്‌സിങ് അസിസ്‌റ്റന്‍റ്, ഒരു ഗ്രേഡ് 2 അറ്റൻഡർ, മൂന്ന് ഗ്രേഡ് 1 അറ്റൻഡർമാർക്കും എതിരെയാണ് കേസ്.
സാക്ഷിയെ സ്വാധീനിക്കൽ, ഭീഷണിപ്പെടുത്തൽ എന്നീ വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. കേസിലെ പ്രതിയായ അറ്റൻഡർ ശശീന്ദ്രൻ റിമാന്‍ഡിലാണ്. എംപ്ലോയ്മെന്‍റ് എക്സ്ചേഞ്ചിൽ നിന്ന് താൽകാലിക അടിസ്ഥാനത്തിൽ നിയമിക്കപ്പെട്ട് പിന്നീട് സ്ഥിരം ജീവനക്കാരനായ ആളാണ് ശശീന്ദ്രൻ.
സമ്മര്‍ദം ചെലുത്തിയത് വനിത ജീവനക്കാര്‍: പ്രതി ശശീന്ദ്രന് എതിരെ മോശം പെരുമാറ്റത്തിന് മുമ്പും പരാതി ലഭിച്ചിരുന്നു. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ശസ്‌ത്രക്രിയ കഴിഞ്ഞ യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന പരാതിയെ തുടര്‍ന്ന് പരാതി പിന്‍വലിപ്പിക്കാന്‍ അതിജീവിതയ്‌ക്ക് മേല്‍ സമ്മര്‍ദം ചെലുത്തിയിരുന്നു. കേസില്‍ പ്രതിയായ ആശുപത്രി ജീവനക്കാരന്‍റെ സഹപ്രവര്‍ത്തകരായ വനിത ജീവനക്കാരാണ് സമ്മര്‍ദം ചെലുത്തുന്നതെന്ന് അതിജീവിതയുടെ ഭര്‍ത്താവ് പരാതി നല്‍കി.
സൂപ്രണ്ടിനാണ് രേഖാമൂലം പരാതി നല്‍കിയത്. ഇവര്‍ ചെലുത്തിയ സമ്മര്‍ദത്തിന് വഴങ്ങാത്തതിനെ തുടര്‍ന്ന് യുവതി മാനസിക വെല്ലുവിളി നേരിടുന്ന ആളാണെന്ന് വരുത്തി തീര്‍ക്കാന്‍ ശ്രമം നടക്കുന്നതായും ഭര്‍ത്താവ് പരാതിയില്‍ ആരോപിച്ചു. പരാതി ലഭിച്ചതോടെ യുവതിയെ ചികിത്സിക്കുന്ന വാര്‍ഡില്‍ സന്ദര്‍ശകരെ വിലക്കി സൂപ്രണ്ട് സര്‍ക്കുലര്‍ ഇറക്കിയിരുന്നു.
സൂപ്രണ്ടിന്‍റെ സര്‍ക്കുലര്‍: രോഗിയെ പരിചരിക്കാന്‍ ചുമതലപ്പെട്ട ഡോക്‌ടര്‍മാര്‍ക്കും നഴ്‌സിനും മാത്രമെ ഇവരുടെ മുറിയില്‍ പ്രവേശിക്കാനുള്ള അനുമതിയുള്ളുവെന്നും സര്‍ക്കുലറില്‍ പറയുന്നു. ഇവരെ പ്രവേശിപ്പിച്ച വാര്‍ഡിന് പുറത്ത് സുരക്ഷ ജീവനക്കാരനെ നിര്‍ത്താനും സൂപ്രണ്ട് ചുമതലപ്പെടുത്തിയിട്ടുണ്ട്. അനാവശ്യമായി രോഗിയെ ആരെങ്കിലും സന്ദര്‍ശിക്കാന്‍ എത്തിയാല്‍ അവര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും സൂപ്രണ്ട് സര്‍ക്കുലറില്‍ വ്യക്തമാക്കി.
കൂടാതെ രോഗിയുടെ ആരോഗ്യ നില ദിവസവും പരിശോധിച്ച് പൂര്‍ണമായും സൗജന്യ ചികിത്സ നല്‍കാനും സൂപ്രണ്ട് നിര്‍ദേശിച്ചു. ശസ്‌ത്രക്രിയ കഴിഞ്ഞ യുവതിയെ ഐസിയുവിന് അകത്തു വച്ചാണ് ആശുപത്രി ജീവനക്കാരന്‍ പീഡിപ്പിച്ചതെന്നാണ് പരാതി. കഴിഞ്ഞ ശനിയാഴ്‌ച രാവിലെയായിരുന്നു സംഭവം.
തൈറോയിഡ് ശസ്‌ത്രക്രിയയ്‌ക്ക് ശേഷം ഓപ്പറേഷന്‍ തിയേറ്ററില്‍ നിന്ന് യുവതിയെ സ്‌ത്രീകളുടെ സര്‍ജിക്കല്‍ ഐസിയുവിലേയ്‌ക്ക് മാറ്റിയിരുന്നു. യുവതിയെ സര്‍ജിക്കല്‍ ഐസിയുവിലേയ്‌ക്ക് മാറ്റിയത് അറ്റന്‍ഡറാണ്. അതിനു ശേഷം ഇയാള്‍ അല്‍പസമയം കഴിഞ്ഞ് യുവതിയെ പീഡിപ്പിക്കുകയായിരുന്നുവെന്ന് യുവതി നല്‍കിയ പരാതിയില്‍ പറയുന്നു.
ശസ്‌ത്രക്രിയയ്‌ക്കായി അനസ്‌തേഷ്യ നല്‍കിയരുന്നതിനാല്‍ മയക്കം പൂര്‍ണമായും വിട്ട് മാറാത്ത അവസ്ഥയിലായിരുന്നു യുവതി. പിന്നീട് സംസാരിക്കാവുന്ന അവസ്ഥയിലെത്തിയപ്പോള്‍ വാര്‍ഡിലുണ്ടായിരുന്ന നഴ്‌സിനോട് വിവരം പറയുകയായിരുന്നു.
ഇടപെട്ട് മന്ത്രി: തുടര്‍ന്ന് വിവരം ബന്ധുക്കളെ അറിയിക്കുകയും പൊലീസില്‍ പരാതി നല്‍കുകയും ചെയ്‌തു. സംഭവത്തില്‍ പ്രതിഷേധം ശക്തമായിരിക്കുകയാണ്. യൂത്ത് കോണ്‍ഗ്രസ്, യുവമോര്‍ച്ച പ്രവര്‍ത്തകര്‍ ആശുപത്രിയിലേയ്‌ക്ക് മാര്‍ച്ച് നടത്തും. അതേസമയം, സംഭവത്തില്‍ സമഗ്രമായ അന്വേഷണം നടത്തുമെന്ന് ആരോഗ്യ മന്ത്രി വീണ ജോര്‍ജ് പറഞ്ഞു. അടിയന്തര അന്വേഷണത്തിന് മന്ത്രി ഉത്തരവിടുകയും ചെയ്‌തു.