കോഴിക്കോട് യുഡിഎഫ് സ്ഥാനാര്‍ഥി എം കെ രാഘവന്‍ ഉള്‍പ്പെട്ട ഒളിക്യാമറ വിവാദത്തില്‍ വിശദമായ അന്വേഷണം നടത്താന്‍ കോഴിക്കോട് അഡീഷണൽ ഡിസിപി വാഹിദിന് ഡിജിപി ലോക്നാഥ് ബെഹ്റ നിര്‍ദ്ദേശം നല്‍കി. കണ്ണൂർ റേഞ്ച് ഐജിയുടെ മേൽനോട്ടത്തിലായിരിക്കും അന്വേഷണം. തെരഞ്ഞെടുപ്പ് നടക്കാനിരിക്കേ തന്നെ മോശക്കാരനാക്കി ചിത്രീകരിക്കാനായി വ്യാജ വീഡിയോ ചിത്രീകരിച്ചുവെന്ന രാഘവന്‍റെ പരാതിയിലാണ് നടപടി. തെരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് നല്‍കിയ പരാതി പിന്നീട് ഡിജിപിക്ക് കൈമാറുകയായിരുന്നു.
എം കെ രാഘവനെതിരെ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് ഡിവൈഎഫ്ഐ നേതാവ് മുഹമ്മദ് റിയാസ് രംഗത്തെത്തിയിരുന്നു. അതേസമയം സംഭവത്തില്‍ ജില്ലാ കളക്ടര്‍ സാംബശിവ റാവു തെരഞ്ഞെടുപ്പ് കമ്മീഷന് റിപ്പോര്‍ട്ട് കൈമാറിയിട്ടുണ്ട്. വിവാദ ദൃശ്യങ്ങള്‍ സൂക്ഷ്മപരിശോധനക്ക് വിധേയമാക്കണമെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ഇക്കാര്യത്തില്‍ തെരഞ്ഞെടുപ്പിന് മുമ്പ് അന്വേഷണം പൂര്‍ത്തിയാക്കാന്‍ സാധിക്കില്ലെന്നാണ് നിഗമനം.