കോഴിക്കോട്: ഓടുന്ന ട്രെയിനിൽ നിന്ന് യുവാവിനെ തള്ളിയിട്ട് കൊല്ലപ്പെടുത്തിയ സംഭവത്തില്‍ മരിച്ചത് ഇതര സംസ്ഥാന തൊഴിലാളി ആണെന്ന് സ്ഥിരീകരിച്ച് റെയിൽവേ പൊലീസ്. മാഹിയിൽ നിന്ന് ട്രെയിനിൽ കയറിയ 25 വയസ് തോന്നിക്കുന്ന യുവാവ് ഹോട്ടൽ തൊഴിലാളി ആണെന്ന നിഗമനത്തിലാണ് പൊലീസ്. ഇയാളെ കുറിച്ചുള്ള അന്വേഷണം ഊർജിതമായി നടക്കുകയാണെന്ന് കോഴിക്കോട് റെയിൽവേ സർക്കിൾ ഇൻസ്പെക്‌ടർ അറിയിച്ചു.
തിങ്കളാഴ്‌ച പുലർച്ചെ മരണമടഞ്ഞ യുവാവിന്‍റെ മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളജ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. അതിനിടെ യുവാവ് കൊല്ലപ്പെട്ട കൊയിലാണ്ടി ആനക്കുളം റെയിൽവേ ഗേറ്റിന്‍റെ പരിസരത്ത് റെയിൽവേ പൊലീസ് തെളിവെടുപ്പ് നടത്തി. സംഭവ സ്ഥലത്തുനിന്ന് രക്തത്തിന്റെയും മുടിയുടെയും സാമ്പിൾ ശേഖരിച്ചു.
റെയിൽവേ ജീവനക്കാർ അടക്കമുള്ളവരുടെ മൊഴിയും രേഖപ്പെടുത്തി. ഐ.ആർ.പി സിഐ സുധീർ മനോഹർ, സൈന്റിഫിക് ഓഫീസർ നബീല കെ.വി എന്നിവരാണ് പരിശോധന നടത്തിയത്. തമിഴ്നാട് ശിവഗംഗ സ്വദേശി സോനു മുത്തു (48) ആണ് കേസിലെ പ്രതി. മംഗളൂരു തിരുവനന്തപുരം മലബാർ എക്‌സ്‌പ്രസിൽ ഞായറാഴ്‌ച രാത്രി പത്തരയ്ക്കുശേഷമാണ് സംഭവം നടന്നത്.
കൊയിലാണ്ടിക്കടുത്ത് ആനക്കുളം റെയിൽവേ ഗേറ്റിന് സമീപമാണ് യുവാവ് വീണത്. ട്രെയിൻ യാത്രയ്ക്കിടെ സോനു മുത്തുമായി യുവാവ് തർക്കത്തിൽ ഏർപ്പെടുകയും പിന്നാലെ ആക്രമിച്ചു പുറത്തേക്ക് തള്ളിയിടുകയുമായിരുന്നു. മറ്റു യാത്രക്കാർ വിവരമറിയിച്ചതിനെ തുടർന്ന് ട്രെയിൻ കോഴിക്കോട് എത്തിയ സമയത്ത് റെയിൽവെ പൊലീസ് മുത്തുവിനെ കസ്‌റ്റഡിയിലെടുത്തു.
ചോദ്യം ചെയ്യലിൽ കുറ്റം സമ്മതിച്ച പ്രതി, പെട്ടെന്നുണ്ടായ പ്രകോപനമാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന് മൊഴി നൽകി. കൊല്ലപ്പെട്ട യുവാവിനെ അറിയില്ലെന്നുമാണ് സോനുമുത്തുവിന്‍റെ മൊഴി. കാഞ്ഞാങ്ങാട് ബാർബർ ഷോപ്പ് നടത്തുന്ന ഇയാൾ കടയിലേക്കുള്ള സാധനങ്ങൾ വാങ്ങിക്കാൻ കോയമ്പത്തൂരിലേക്ക് പോകും വഴിയാണ് വാക്കേറ്റമുണ്ടായത്.
ഇരുവരും മദ്യപിച്ചതായാണ് പൊലീസ് റിപ്പോർട്ട്. റിമാൻഡില്‍ കഴിയുന്ന പ്രതിയെ പൊലീസ് കസ്‌റ്റഡിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.