കോഴിക്കോട് : ചാത്തമംഗലം കട്ടാങ്ങലിൽ ആദിവാസി വിദ്യാർഥിയെ പോലീസ് മർദ്ദിച്ചതായി പരാതി (tribal student was beaten up by police). മാതൃസഹോദരന്‍റെ വീട്ടിൽ വച്ചാണ് കക്കാടംപൊയിൽ ആദിവാസി കോളനിയിലെ ഒമ്പതാം ക്ലാസ് വിദ്യാർഥിയെ പൊലീസ് മർദ്ദിച്ചതെന്നാണ് പരാതിയിലുള്ളത്.
ബുധനാഴ്‌ച രാത്രിയാണ് സംഭവം നടന്നത്. കുട്ടിയുടെ പിതാവ് നിലമ്പൂരിലും മാതാവ് കോഴിക്കോട്ടും ജോലി സ്ഥലത്തായതിനാൽ വിദ്യാർഥിയായ പരാതിക്കാരൻ മാതൃ സഹോദരന്‍റെ വീട്ടിലാണ് താമസിച്ചിരുന്നത്. ബുധനാഴ്‌ച വീട്ടിലെത്താൻ വൈകിയതിനെ ചൊല്ലി മാതൃസഹോദരനുമായി പ്രശ്‌നമുണ്ടാവുകയും ഒന്തു തള്ളും നടക്കുകയും ചെയ്‌തതായി വിദ്യാർഥി പറഞ്ഞു. പ്രശ്‌നം രൂക്ഷമായപ്പോൾ പൊലീസിനെ വിളിച്ചുവരുത്തി. കുന്ദമംഗലം പൊലീസ് വീട്ടിലെത്തി അകാരണമായി കാലിനും തലയ്ക്കും മർദ്ദിച്ചു എന്നാണ് വിദ്യാർഥിയുടെ പരാതി.
മർദ്ദനമേറ്റതിനെ തുടർന്ന് വിദ്യാർഥി മുക്കം കമ്മ്യൂണിറ്റി ഹെൽത്ത് സെന്‍ററിൽ ചികിത്സ തേടി. കഞ്ചാവോ മറ്റ് ലഹരിയോ ഉപയോഗിച്ചിട്ടുണ്ടോ എന്ന് ചോദിച്ചാണ് പോലീസ് മർദ്ദിച്ചത് എന്ന് വിദ്യാർഥിപറയുന്നു. ആദിവാസി വിഭാഗത്തിൽപ്പെട്ട ആളാണെന്ന് അറിഞ്ഞപ്പോഴാണ് പൊലീസ് മർദ്ദനം നിർത്തിയതെന്ന് പരാതിക്കാരൻ പറഞ്ഞു. അതേസമയം ഇത്തരത്തിൽ ഒരു സംഭവം ഉണ്ടായിട്ടില്ലെന്ന് കുന്ദമംഗലം പൊലീസ് അറിയിച്ചു. ബുധനാഴ്‌ച രാത്രി മറ്റൊരു കേസുമായി പോയതായിരുന്നു പൊലീസ്. കട്ടാങ്ങൾ ഭാഗത്ത് കുന്ദമംഗലം പൊലീസ് പോയിട്ടില്ലെന്നും പൊലീസ് ഇൻസ്പെക്‌ടർ അറിയിച്ചു.
Also read : മഞ്ഞപ്പിത്തം ബാധിച്ച് ആദിവാസി യുവാവ് മരിച്ചു; മരണം ചികിത്സ കിട്ടാതെയെന്ന് കുടുംബം