കോഴിക്കോട്: ലോക്ക്ഡൗണിനെ തുടര്‍ന്ന് കുറ്റ്യാടി ബസ് സ്റ്റാന്‍റിൽ നിര്‍ത്തിയിട്ട സ്വകാര്യ ബസുമായി കടന്ന യുവാവിനെ കുമരകത്ത് വാഹന പരിശോധനക്കിടെ പൊലീസ് പിടികൂടി. പെരുവണ്ണാമൂഴി സ്വദേശി കളയങ്ങാഴിക്കണ്ടി വിനൂപ് (30)നെയാണ് കുമരകം എസ്ഐ എസ്. സുരേഷ് അറസ്റ്റ് ചെയ്‌തത്.
രണ്ട് ദിവസം മുമ്പാണ് തൊട്ടില്‍പാലം കൂടല്‍ സ്വദേശിയുടെ ഉടമസ്ഥതയിലുള്ള കെ എല്‍ 18 ക്യു 1107 നമ്പര്‍ ബസ് കുറ്റ്യാടി സ്റ്റാന്‍റിൽ പാര്‍ക്ക് ചെയ്‌തത്. ഇന്ന് രാവിലെ പത്തരയോടെ ബസ് മാനേജറെ കുമരകം പൊലീസ് ഫോണില്‍ വിളിച്ച് പറഞ്ഞപ്പോഴാണ് ബസ് മോഷണം മാനേജർ പോലും അറിയുന്നത്. തുടര്‍ന്ന് ഇവര്‍ കുറ്റ്യാടി പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.
രാവിലെ എട്ട് മണിയോടെ കുമരകത്ത് വാഹന പരിശോധനക്കിടെയാണ് പൊലീസ് സംഘം അതിര്‍ത്തി കടന്നെത്തിയ ബസ് തടഞ്ഞ് നിര്‍ത്തി പരിശോധിച്ചത്. ഇതിനിടെ സംശയം തോന്നിയ പൊലീസുകാര്‍ വിനൂപിനെ ചോദ്യം ചെയ്‌തപ്പോഴാണ് ബസ് കുറ്റ്യാടി സ്റ്റാന്‍റില്‍ നിന്ന് മോഷ്ടിച്ചതാണെന്ന് പൊലീസില്‍ മൊഴി നല്‍കിയത്.
വിപിന് ലൈസന്‍സും ഉണ്ടായിരുന്നില്ലെന്ന് കുമരകം എസ് ഐ പറഞ്ഞു. നേരത്തെ കോഴിക്കോട് റൂറല്‍ ജില്ലയില്‍ വാഹനത്തിന്‍റെ ബാറ്ററി മോഷ്ടിച്ച കേസിലും, ടോറസ് ലോറി മോഷണക്കേസിലും യുവാവ് പ്രതിയാണെന്ന് കുമരകം എസ് ഐ പറഞ്ഞു. മോഷണം പോയ ബസും പ്രതിയെയും കുറ്റ്യാടിയിലെത്തിക്കുന്നതിനായി രണ്ട് പൊലീസുകാര്‍ കുമരകത്തേക്ക് പുറപ്പെട്ടു. ശനിയാഴ്ച്ച വൈകുന്നേരമാണ് ബസ് മോഷ്ടിച്ചതെന്ന് യുവാവ് പൊലീസ് ചോദ്യം ചെയ്യലില്‍ മൊഴി നൽകി.