കോഴിക്കോട്: കാലിക്കറ്റ് സര്‍വ്വകലാശാലയില്‍ 116 അധ്യാപക തസ്തികകളിലേക്ക് പിന്‍വാതില്‍ വഴിയും പണം വാങ്ങിയും നിയമനം നടത്താന്‍ സി.പി.എം ശ്രമിക്കുന്നതായി മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ് ആരോപിച്ചു. സര്‍വ്വകലാശാല നിയമനങ്ങള്‍ ബാക്ക്‌ലോഗ് നികത്തിയും സംവരണ തത്വങ്ങള്‍ പാലിച്ചുമാണ് നടത്തേണ്ടത്. എന്നാല്‍ 04.03.2020ല്‍ ഇറക്കിയ ഉത്തരവ് പ്രകാരം ബാക്ക്‌ലോഗ് നികത്താതെ നിയമനം നടത്താനാണ് സര്‍വ്വകലാശാല തീരുമാനിച്ചിട്ടുള്ളത്.
നിയമനവുമായി ബന്ധപ്പെട്ട ഫയലുകള്‍ മാന്വല്‍ ഫയലുകള്‍ ആയിരിക്കണമെന്നതും ഉത്തരവില്‍ പറയുന്നുണ്ട്. 2012 മുതല്‍ ഡിജിറ്റല്‍ സംവിധാനത്തിലേക്ക് മാറിയ സര്‍വ്വകലാശാലയില്‍ നിയമനത്തെ സംബന്ധിച്ച ഫയലുകള്‍ മാന്വല്‍ ഫയലുകള്‍ ആവണമെന്ന് പറയുന്നത് കൃത്രിമം കാണിക്കാനാണെന്ന് വ്യക്തമാണ് എന്നും പികെ ഫിറോസ് പറയുന്നു. ഏതൊക്കെ തസ്തികകളിലേക്കാണ് സംവരണം എന്നത് നോട്ടിഫിക്കേഷനില്‍ വ്യക്തമാക്കിയിട്ടില്ല. ഇത് അഴിമതിക്കും സ്വജനപക്ഷപാതത്തിനും വേണ്ടിയാണ്.
ബാക്ക്‌ലോഗ് നികത്താതെയും സംവരണ തസ്തികകള്‍ ഏതെന്ന് വ്യക്തമാക്കാതെയും കാലിക്കറ്റ് സര്‍വ്വകലാശാലയിലേക്ക് നടക്കാനിരിക്കുന്ന അധ്യാപക നിയമന നടപടികള്‍ നിര്‍ത്തിവെക്കണമെന്ന് മുസ്‌ലിം യൂത്ത്‌ലീഗ് ആവശ്യപ്പെട്ടു. നിയമനം പൂര്‍ണ്ണമായും പി.എസ്.സിക്ക് വിടുകയോ സുതാര്യമായ രീതിയില്‍ നിയമനം നടത്തുകയോ ചെയ്യണം. അല്ലാത്തപക്ഷം ശക്തമായ പ്രക്ഷോഭ പരിപാടികള്‍ക്ക് യൂത്ത്‌ലീഗ് നേതൃത്വം കൊടുക്കുമെന്നും പി.കെ ഫിറോസ് വ്യക്തമാക്കി.