കോഴിക്കോട് : ജീപ്പിന് നേരെ പെട്രോൾ ബോംബേറ് (Petrol Bomb Attack). മെഡിക്കൽ കോളജ് ആശുപത്രിയുടെ കാഷ്വാലിറ്റിക്ക് മുമ്പിൽ നിർത്തിയിട്ടിരുന്ന ജീപ്പിന് നേരെയാണ് ഇന്ന് പുലർച്ചെ രണ്ടരയോടെ ബോംബേറുണ്ടായത്. ബൈക്കിലെത്തിയ സംഘമാണ് ആക്രമണം നടത്തിയത്. ആക്രമണം നടന്ന ഉടനെ ആശുപത്രിക്ക് മുന്നിൽ ഉണ്ടായിരുന്നവർ പൊലീസിനെ വിവരം അറിയിക്കുകയായിന്നു.
2020ല്‍ കുന്നമംഗലം പൊലീസ് സ്റ്റേഷനിൽ കോഴിക്കോട് കുറ്റിക്കാട്ടൂർ സ്വദേശി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പ്രതികളെ കാണിച്ചുകൊടുത്തു എന്ന സംശയത്തിൽ കഴിഞ്ഞദിവസം കുറ്റിക്കാട്ടൂരിൽ വെച്ച് ഇരു സംഘങ്ങൾ തമ്മിൽ ആക്രമണം ഉണ്ടായിരുന്നു. ഇതിനെ തുടർന്ന് പരിക്കേറ്റവർ കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സ തേടാന്‍ എത്തിയപ്പോഴാണ് ജീപ്പിനു നേരെ പെട്രോൾ ബോംബെറിഞ്ഞത്. ബോംബെറിയുന്ന സമയത്ത് ജീപ്പിൽ ആളുണ്ടായിരുന്നെങ്കിലും ആർക്കും പരിക്കേറ്റിട്ടില്ല.
അതേസമയം സംഭവവുമായി ബന്ധപ്പെട്ട് അഞ്ചുപേരെ മെഡിക്കൽ കോളേജ് പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. ബോംബ് സ്‌ക്വാഡും വിരലടയാള വിദഗ്‌ധരും സ്ഥലത്ത് പരിശോധന നടത്തി. മെഡിക്കൽ കോളേജ് അസിസ്‌റ്റന്‍റ് കമ്മിഷണർ കെ സുദർശൻ, മെഡിക്കൽ കോളേജ് പൊലീസിൽ ഇൻസ്‌പെക്‌ർ ബെന്നി ലാലു എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്.