കോഴിക്കോട്: ഇത്തവണ പെരുമണ്ണക്കാരുടെ ഓണാഘോഷത്തിന് മാറ്റുകൂട്ടാൻ തൊഴിലുറപ്പ് തൊഴിലാളികൾ വിളയിച്ച ചെട്ടിപ്പൂവുമുണ്ട്. പെരുമണ്ണ പുതിയേടത്ത് ശിവ വിഷ്‌ണു ക്ഷേത്രത്തിനു സമീപത്തെ ഒരേക്കർ ഭൂമിയിലാണ് ചെട്ടിപ്പൂവും വാടാർ മല്ലികയും കൃഷി ചെയ്‌തത്. ഓണം വിപണി ലക്ഷ്യം വെച്ചാണ് കഴിഞ്ഞ ജൂണിൽ ഇവിടെ ചെട്ടിപ്പൂ കൃഷിക്ക് തുടക്കമിട്ടത്.
പെരുമണ്ണ ഗ്രാമ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷൻ എം.എ. പ്രതീഷാണ് ചെട്ടിപ്പൂ കൃഷി എന്ന ആശയം മുന്നോട്ടുവെച്ചത്. തുടർന്ന് പ്രദേശത്തെ പതിനഞ്ചോളം തൊഴിലുറപ്പ് തൊഴിലാളികളുടെ കൂട്ടായ്‌മ ഈ ആശയം ഏറ്റെടുക്കുകയായിരുന്നു. 1000 രൂപ വീതം ഓരോരുത്തരുമെടുത്താണ് പ്രാരംഭപ്രവർത്തനങ്ങൾക്കുള്ള തുക കണ്ടെത്തിയത്.
തൊഴിലുറപ്പ് പദ്ധതിയുടെ ഭാഗമായി കൃഷിക്ക് നിലമൊരുക്കലും മറ്റു പ്രവൃത്തികളും നടത്തി. ബെംഗളുരുവിൽ നിന്നാണ് ചെടിയുടെ വിത്ത് സംഘടിപ്പിച്ചത്. 3000ത്തോളം ചെടികളാണ് ഇവിടെ നട്ടുവളർത്തിയത്.
മഞ്ഞയും ചുവപ്പും നിറങ്ങളിലുള്ള പൂവുകളാണ് തോട്ടത്തിലുള്ളത്. ഓണവിപണി തന്നെയാണ് പ്രധാന ലക്ഷ്യമെങ്കിലും വിവാഹച്ചടങ്ങുകൾക്ക് ഉൾപ്പെടെ പലരും പൂവ് തേടി ഇവിടെ എത്തുന്നുണ്ട്. തൊഴിലുറപ്പ് പ്രവൃത്തിയുടെ ഭാഗമായി കൃഷി ചെയ്‌തതിനാൽ ജോലിക്കൊപ്പം വരുമാനവും ഇവർക്ക് കണ്ടെത്താനായി.
കാലം തെറ്റിയെത്തിയ കാലവർഷം തുടക്കത്തിൽ ആശങ്ക സൃഷ്‌ടിച്ചെങ്കിലും ഇപ്പോൾ പ്രതീക്ഷിച്ച വളർച്ച നേടാനായിട്ടുണ്ടെന്ന് തൊഴിലാളികൾ പറയുന്നു. ഓണമെത്തുമ്പോഴേക്കും തോട്ടം പൂർണമായി പുഷ്‌പിച്ച് നല്ല വിളവെടുപ്പ് നടത്താനാവുമെന്നാണ് പ്രതീക്ഷ. കൃഷി ഓരോ വീടുകളിലേക്കും വ്യാപിപ്പിച്ച് പൂകൃഷി ഗ്രാമമാണ് ലക്ഷ്യം വെക്കുന്നതെന്ന് വേറിട്ട കൃഷിരീതികൾക്ക് നേതൃത്വം നൽകികൊണ്ട് ശ്രദ്ധേയനായ പഞ്ചായത്ത് അംഗം എം.എ. പ്രതീഷ് പറഞ്ഞു.
ഒരേക്കറിൽ വിരിഞ്ഞിരിക്കുന്ന ചെട്ടിപ്പൂവുകൾ മാത്രമല്ല, തൊടിയിൽ പാറിക്കളിക്കുന്ന വ്യത്യസ്‌തമായ ചിത്രശലഭങ്ങളും നാട്ടുകാർക്ക് ആനന്ദം പകരുന്ന കാഴ്‌ചയാണ്. പൂകൃഷി വിജയം കേട്ടറിഞ്ഞ് പലരും തോട്ടം സന്ദർശിക്കാനെത്തുന്നുണ്ട്.