കോഴിക്കോട്: പേരാമ്പ്ര ബിജെപി മണ്ഡലം കമ്മിറ്റിയിലെ ഫണ്ട് വിവാദവും തമ്മിൽ തല്ലും പരിശോധിക്കുമെന്ന് സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. സംഭവത്തെ സംബന്ധിച്ച മാധ്യമ വാർത്ത മാത്രമേ കണ്ടിട്ടുള്ളൂ. ജില്ല കമ്മിറ്റി ഇക്കാര്യം വിശദമായി പരിശോധിക്കും.
അതിനുശേഷം സംസ്ഥാന നേതൃത്വം ഇക്കാര്യത്തിൽ ഇടപെടും. ആരോപണങ്ങൾക്കെതിരെ ശരിയായി പരിശോധിച്ച് നടപടി എടുക്കുമെന്നും സുരേന്ദ്രൻ പറഞ്ഞു. സംസ്ഥാന നേതൃത്വവുമായി ബന്ധമുള്ളയാളാണ് പണം പിരിച്ചതെന്ന ആരോപണം ശരിയല്ല. പണപ്പിരിവ് സംബന്ധിച്ച് ഒരു പരാതിയും സംസ്ഥാന നേതൃത്വത്തിന് ലഭിച്ചിട്ടില്ല.
ആർക്കെങ്കിലും പരാതിയുണ്ടെങ്കിൽ ഉന്നയിക്കാമെന്നും അത് പരിശോധിക്കുമെന്നും സുരേന്ദ്രൻ പറഞ്ഞു. പെട്രോൾ പമ്പ് തുടങ്ങുന്നതിനെതിരായ പ്രതിഷേധം പിൻവലിക്കുന്നതിന് ഭാരവാഹികൾ പണം വാങ്ങിയെന്ന് ബിജെപി പ്രവർത്തകൻ തന്നെ ആരോപണം ഉന്നയിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട പ്രശ്‌നമാണ് പേരാമ്പ്ര മണ്ഡലം കമ്മറ്റിയിൽ സംഘർഷത്തിന് ഇടയാക്കിയത്.
1.10 ലക്ഷം രൂപ വിവിധ തവണകളായി വാങ്ങിയെന്നും ഒന്നര ലക്ഷം രൂപ കൂടി ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തുന്നു എന്നുമായിരുന്നു പരാതി. യോഗത്തിൽ ഇക്കാര്യം പ്രവർത്തകർ ഉന്നയിച്ചു. ഇതോടെ ചേരിതിരിഞ്ഞ് സംഘർഷമായി. ഭാരവാഹികളും പ്രവർത്തകരും ഉൾപ്പെടെ നിരവധി പേർക്ക് മർദനമേറ്റിട്ടുണ്ട്.