കോഴിക്കോട്: പതിറ്റാണ്ടുകളോളം വന്യമൃഗങ്ങളോട് നേരിട്ട് ഏറ്റുമുട്ടിയും പ്രകൃതിയോട് മല്ലടിച്ചും മണ്ണില്‍ പൊന്നുവിളയിച്ചവരാണ് കേരളത്തിന്‍റെ മലയോര കർഷകർ. പക്ഷേ ആ പൊന്നില്‍ തിളക്കം ഇപ്പോഴില്ല. ആകെയുള്ളത് ഭീതി മാത്രം.
ഒറ്റയാന്‍റെ മുമ്പില്‍ നിന്നും കഷ്‌ടിച്ച് രക്ഷപ്പെട്ടതിന്‍റെ നടുക്കം ഇപ്പോഴും മാറിയിട്ടില്ല ജാനുവിന്. കുന്നിന്‍ മുകളിലെ കൊച്ചു കൂരയുടെ പിന്നിലെത്തിയ കാട്ടാന കണ്ണില്‍ കണ്ടെതെല്ലാം ചവിട്ടി മെതിച്ചു. നാട്ടുകാരെത്തിയാണ് ജാനുവിനെ രക്ഷപ്പെടുത്തിയത്. സന്ധ്യമയങ്ങുമ്പോൾ കുന്നിറങ്ങി മറ്റൊരു വീട്ടിൽ അഭയം തേടുകയാണ് ജാനുവും ഭര്‍ത്താവ് കുഞ്ഞിരാമനും.
കോഴിക്കോടിന്‍റെ കിഴക്കൻ മലയോര മേഖല ഇതുവരെ കാണാത്ത വലിയൊരു പ്രതിസന്ധിയിലൂടെ കടന്നു പോകുകയാണ്. കാലാകാലങ്ങളായി കൃഷി ചെയ്‌ത് ജീവിച്ചു പോന്നവർ മലയിറങ്ങുകയാണ്, ഗത്യന്തരമില്ലാതെ...
ഇവിടെ ഇരുപത്തിയഞ്ചോളം വീടുകളുണ്ടായിരുന്നു. കാട്ടാനകള്‍ സ്വൈര്യ വിഹാരം നടത്താന്‍ തുടങ്ങിയതോടെ ജീവൻ മുറുകെ പിടിച്ച് വീടും കൃഷിയും ഉപേക്ഷിച്ച് കുടുംബങ്ങൾ മറ്റിടങ്ങളിലേക്ക് മാറി.
അതിനൊപ്പം കുരങ്ങ്, മലയണ്ണാൻ, കാട്ടുപന്നി, മുള്ളൻപന്നി, മാൻ.. കർഷകരുടെ നടുവൊടിക്കുകയാണ് വന്യമൃഗങ്ങൾ. വാഴ, തെങ്ങ്, കവുങ്ങ്, കൊക്കോ തുടങ്ങി ഒരു കൃഷിയിൽ നിന്നും വിളവെടുക്കാൻ പറ്റാത്ത അവസ്ഥ. ആദ്യകാലത്ത് വളരെ ചെറിയ തുകയ്ക്ക് ഏക്കർ കണക്കിന് സ്ഥലം വാങ്ങി കൃഷി ചെയ്‌ത് കുടുംബം പോറ്റിയവരാണ് ഭീതിയില്‍ മലയിറങ്ങുന്നത്.
ചക്കിട്ടപ്പാറ പഞ്ചായത്തിലെ പൂഴിത്തോട് മാവട്ടം ഭാഗത്ത് നിന്ന് മാത്രം നാൽപതോളം കുടുംബങ്ങൾ ഇതിനകം വീടുവിട്ട് ഇറങ്ങിക്കഴിഞ്ഞു. തൊട്ടടുത്ത പ്രദേശങ്ങളിലെ കണക്കെടുത്താൽ അത് 100 കടന്നിരിക്കുന്നു. മാവട്ടം, കരിങ്കണ്ണി എന്നി പ്രദേശങ്ങളില്‍ അടക്കം ഇനിയും കുറച്ച് ജീവിതങ്ങൾ ഇവിടെ ബാക്കിയുണ്ട്, എങ്ങോട്ടെങ്കിലും പോകാനോ ഒരു സ്ഥലമോ വീടോ സ്വന്തമാക്കാനോ ഗതിയില്ലാതെ....
അതിനിടെ, സ്വമേധയ സ്ഥലവും വീടും ഒഴിഞ്ഞു പോകുന്നവർക്ക് വേണ്ടി വനം വകുപ്പ് ആരംഭിച്ച പദ്ധതിയാണ് സ്വയം സന്നദ്ധത പുനരധിവാസ പദ്ധതി. പക്ഷേ അപേക്ഷ നല്‍കി ഒരു വർഷം കഴിഞ്ഞിട്ടും ഇവർക്ക് ഒറു രൂപ പോലും ലഭിച്ചിട്ടില്ല. ഒന്നുകില്‍ വന്യമൃഗങ്ങളില്‍ നിന്ന് രക്ഷ, അല്ലെങ്കില്‍ സർക്കാർ വാഗ്‌ദാനം ചെയ്‌ത സഹായം. സമരമല്ലാതെ ഇവർക്ക് മുന്നില്‍ മറ്റ് മാർഗങ്ങളില്ല.