കോഴിക്കോട് : കൊടുവള്ളിയിൽ കാല്‍നട യാത്രക്കാരൻ ബൈക്ക് ഇടിച്ച് മരിച്ച സംഭവത്തിൽ പ്രതി പിടിയിലായി. സംഭവ ശേഷം രക്ഷപ്പെടാന്‍ ശ്രമിക്കവെ ആണ് പ്രതി പിടിയിലായത് (Bike Accident). കൊടുവള്ളി വാവാട് പട്ടരുമണ്ണില്‍ സദാനന്ദനെ (69) ഇടിച്ചു തെറിപ്പിച്ച രാജസ്ഥാന്‍ സ്വദേശി ജയറാം പ്രജാപതി (23) ആണ് ട്രെയിനില്‍ യാത്ര ചെയ്യുന്നതിനിടെ കണ്ണൂരില്‍ പിടിയിലായത്.
ചൊവ്വാഴ്ച്ച (ജനുവരി 16) രാവിലെ എട്ടരയോടെ വാവാട് അങ്ങാടിക്ക് സമീപത്തായിരുന്നു അപകടം സംഭവിച്ചത്. കൊടുവള്ളിയില്‍ ചിത്ര പ്രസ് നടത്തുന്ന സദാനന്ദന്‍ മത്സ്യം വാങ്ങി വീട്ടിലേക്ക് പോകുന്നതിനിടെയാണ് രാജസ്ഥാന്‍ സ്വദേശി ഓടിച്ച ബൈക്ക് ഇടിച്ചത്. ഇടിയുടെ ആഘാതത്തില്‍ തെറിച്ചു വീണ സദാനന്ദനെ ഓടിക്കൂടിയ നാട്ടുകാർ കോഴിക്കോട് മെഡിക്കല്‍ കോളജ് (Kozhikode Medical College Hospital) ആശുപത്രിയില്‍ എത്തിച്ചു. ചികിത്സയിലിരിക്കെ ഇന്നലെ (ജനുവരി 17) വൈകിട്ടോടെ സദാനന്ദന്‍ മരിച്ചു (Pedestrian Dies).
അപകടം നടന്ന ഉടനെ ബൈക്ക് ഉപേക്ഷിച്ച് രക്ഷപ്പെട്ട ജയറാം പ്രജാപതി കോഴിക്കോട് നിന്ന് മംഗള ലക്ഷദ്വീപ് എക്‌സ്‌പ്രസിൽ കയറിയതായി കൊടുവള്ളി പൊലീസിന്‍റെ അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. ഇതേ തുടർന്ന് കൊടുവള്ളി പൊലീസ് നല്‍കിയ വിവരത്തെിൽ കണ്ണൂര്‍ റെയില്‍വെ പൊലീസ് നടത്തിയ പരിശോധനയിലാണ് പ്രതി പിടിയിലായത്. തുടര്‍ന്ന് കൊടുവള്ളി പൊലീസ് കണ്ണൂരിലെത്തി പ്രതിയെ കസ്റ്റഡിയിലെടുത്തു.
ഇയാളുടെ പക്കൽ ഉള്ള ബൈക്ക് മൂന്നു മാസം മുമ്പ് ബജാജ് കമ്പനിയിൽ എക്ചേഞ്ച് ചെയ്‌ത വാഹനമാണ്. ഷോപ്പുടമ മറ്റൊരാൾക്ക് വിൽപ്പന നടത്തി. പിന്നീട് കൈമാറ്റങ്ങളിലൂടെയാണ് രാജസ്ഥാൻ സ്വദേശിയുടെ കൈവശം എത്തിയതുമാണ്. എന്നാൽ വാഹനത്തിന്‍റെ രേഖകൾ ഇതുവരെ ആദ്യ ഉടമയുടെ പേരിൽ നിന്നും മാറ്റിയിരുന്നില്ല. കസ്റ്റഡിയിലെടുത്ത പ്രതിയെ അറസ്റ്റ് രേഖപ്പെടുത്തി കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്‌തു.