കോഴിക്കോട്: നഗരത്തിൽ സമാന്തര ടെലിഫോൺ എക്സ്ചേഞ്ചുകൾ പ്രവർത്തിപ്പിച്ച കേസിലെ മുഖ്യ ആസൂത്രകൻ മലപ്പുറം സ്വദേശി ഇബ്രാഹിമെന്ന് ക്രൈംബ്രാഞ്ച്. ബെംഗളുരുവിൽ സമാനമായ കേസിൽ പിടിക്കപ്പെട്ട് പരപ്പന അഗ്രഹാര ജയിലിൽ കഴിയുന്ന ഇബ്രാഹിമിനെ കോഴിക്കോടെത്തിക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചു. ഒളിവിൽ കഴിയുന്ന കൂട്ടുപ്രതികളായ മൂരിയാട് സ്വദേശികളായ ഷബീർ, കൃഷ്ണപ്രസാദ് എന്നിവർ ഇബ്രാഹിമുമായി ബന്ധപ്പെട്ടതിന്റെ തെളിവുകളും അന്വേഷണസംഘത്തിന് ലഭിച്ചു.
നഗരത്തിൽ ഏഴിടത്ത് സമാന്തര ടെലിഫോൺ എക്സ്ചേഞ്ചുകൾ പ്രവർത്തിപ്പിച്ച കേസിലെ പ്രതികൾക്ക് ബെംഗളൂരുവിൽ നേരത്തെ അറസ്റ്റിലായവരുമായി അടുത്ത ബന്ധമുണ്ടെന്ന് പൊലീസ് വ്യക്തമാക്കിയിരുന്നു. കോഴിക്കോട്ടെ കേസിൽ റിമാൻഡിലായ കൊളത്തറ സ്വദേശി ജുറൈസിനെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്തപ്പോഴാണ് ഇത് വ്യക്തമായത്. തുടർന്നാണ് അന്വേഷണ സംഘം ബെംഗളുരുവിൽ എത്തിയത്.
Also read: സഹകരണ ബാങ്ക് തട്ടിപ്പ്; സിപിഎമ്മിന്‍റെ അറിവോടെയുള്ള വൻകൊള്ളയെന്ന് ഷാഫി പറമ്പിൽ
ബെംഗളൂരുവിൽ സമാന്തര ടെലിഫോൺ എക്സ്ചേഞ്ച് നടത്തിയ കോഴിക്കോട് സ്വദേശി അഷ്റഫിനെ മാർച്ചിലാണ് സെൻട്രൽ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്. കോഴിക്കോട് സമാന്തര എക്സ്ചേഞ്ച് നടത്തിപ്പിനായി ഉപയോഗിച്ച ഉപകരണങ്ങളിൽ പലതും ചൈനീസ് നിർമിതമാണ്. ഇവ ബെംഗളൂരു വഴിയാണ് എത്തിച്ചത്. 26 സിം ബോക്സുകൾ, 25 റൂട്ടറുകൾ, 730 സിംകാര്‍ഡുകൾ എന്നിവയാണ് കോഴിക്കോട് നിന്ന് പിടിച്ചെടുത്തത്. ബെംഗളുരുവിലെയും കോഴിക്കോട്ടേയും എക്സ്‌ചേഞ്ച് നടത്തിപ്പിൽ രാജ്യദ്രോഹ ബന്ധവും സംഘത്തിന്‍റെ അന്വേഷണ പരിധിയിലാണ്.