കോഴിക്കോട്: പാറക്കടവ് ടൗണിലെ ചെക്യാട് മുസ്ലിം ലീഗ് ഓഫീസില്‍ ഔദ്യോഗിക പക്ഷവും വിമത പക്ഷവും തമ്മില്‍ വാക്കേറ്റവും കയ്യാങ്കളിയും. ചെക്യാട് പഞ്ചായത്ത് മുസ്ലിം ലീഗ് പാറക്കടവ് ഡയാലിസീസ് സെന്‍ററിലെ മൂന്നാമത്തെ ഷിഫ്റ്റ് ഉദ്ഘാടനം, ഡയാലിസീസ് കേന്ദ്രത്തിന് റമളാനിലെ ഫണ്ട് ശേഖരണം, തദ്ദേശ തെരഞ്ഞെടുപ്പില്‍ വിജയിച്ചവര്‍ക്കുളള സ്വീകരണ പരിപാടി എന്നിവയെ കുറിച്ചുളള ആലോചനയോഗത്തിലാണ് സംഘർഷമുണ്ടായത്.
കഴിഞ്ഞ തദ്ദേശ തെരഞ്ഞടുപ്പില്‍ വിമതരായി മത്സരിച്ചവരെ നേതൃത്വം പുറത്താക്കിയിരുന്നു. പുറത്താക്കിയവരെ തിരിച്ചെടുത്തതിന് ശേഷം മതി യോഗം എന്ന് ആവശ്യപ്പെട്ട് വിമത പക്ഷത്തുളളവര്‍ ഓഫീസിലെത്തിയതോടെ കമ്മിറ്റി നിര്‍ത്തി വെച്ചു. ഇതിന് ശേഷം വീണ്ടും ഒദ്യോഗിക വിഭാഗം കമ്മിറ്റി ചേരുന്നതിനിടെയാണ് വാക്കേറ്റമുണ്ടായി. ഔദ്യോഗിക പക്ഷത്തെ പുറത്താക്കി വിമത പക്ഷം ഓഫീസ് പൂട്ടുകയും ചെയ്‌തു. മുസ്ലിം ലീഗ് ഓഫീസില്‍ നിന്ന് ബഹളം കേട്ട് ജനം തടച്ച് കൂടിയതോടെ പൊലീസും സ്ഥലത്തെത്തി.