കോഴിക്കോട്: കൊടിയത്തൂർ പഞ്ചായത്ത് പഞ്ചായത്ത് ജീവനക്കാരുടെ സംഘടനയായ എഫ്.എസ്.ഇ.ടി.ഒയും കൊടിയത്തൂര്‍ ജി.എ.യു.പി സ്കൂള്‍ അധ്യപകരും വിദ്യാര്‍ഥികളും ചേര്‍ന്ന് പുഞ്ചപ്പാടത്ത് കൃഷിയിറക്കി. കഴിഞ്ഞ രണ്ട് വർഷവും ലഭിച്ച മികച്ച വിളവിന്‍റെ പിന്‍ബലത്തിലാണ് ഇത്തവണയും കൃഷിയിറക്കിയത്. 120 ദിവസം കൊണ്ട് വിളവെടുക്കാവുന്ന വിത്തിനമായ ഐശ്വര്യയും 110 ദിവസം കൊണ്ട് വിളയുന്ന ഉമയുമാണ് ഇത്തവണ വിതച്ചത്.
വിത്തിറക്കുന്നത് മുതൽ കൊയ്തെടുക്കൽ വരെയുള്ള പ്രവർത്തനങ്ങൾ പൂർണ്ണമായും ജീവനക്കാരുടെയും അധ്യാപകരുടെയും നേതൃത്വത്തിലാണ് നടന്നുവരുന്നത്. നെൽകൃഷിക്കൊപ്പം തന്നെ ഒന്നര ഏക്കർ സ്ഥലത്ത് കപ്പ, ചേന, ചേമ്പ്, കൂർക്ക, ഇഞ്ചി തുടങ്ങിയവയും കൃഷി ചെയ്യുന്നുണ്ട്.
Also Read: ലക്ഷ്യം മണിക്കൂറില്‍ 700 കൈകളില്‍ മെഹന്തി ; ഗിന്നസില്‍ എഴുതപ്പെടാന്‍ ആദിത്യ
കൃഷി വകുപ്പിന്‍റെ സഹകരണത്തോടെ പരമ്പരാഗത നെൽകർഷർക്കും വിവിധ ഫാർമേഴ്‌സ് ക്ലബുകൾക്കുമൊപ്പം ചേർന്ന് 250 ഏക്കറിലധികം വരുന്ന ചെറുവാടി പുഞ്ചപ്പാടം പൂർണ്ണമായും കൃഷിയോഗ്യമാക്കുകയെന്നതാണ് സംഘടന ലക്ഷ്യം വെക്കുന്നത്.
നടീൽ ഉത്സവം കേരള എൻ.ജി.ഒ യൂണിയൻ ജില്ല പ്രസിഡന്‍റ് ഹംസ കണ്ണാട്ടിൽ ഉദ്ഘാടനം ചെയ്തു. നസീർ മണക്കാടിയിൽ അധ്യക്ഷനായി. കൊടിയത്തൂർ കൃഷി ഓഫീസർ കെ.ടി ഫെബിദ, അനൂപ് തോമസ്, വി. അജീഷ്, ലീനീഷ് നെല്ലൂളി മീത്തൽ, എൻ.രാജേഷ്, പി.സി മുജീബ്, പി.പി അസ്‌ലം തുടങ്ങിയവർ സംസാരിച്ചു.