കോഴിക്കോട്: ഇസ്രയേല്‍ -ഹമാസ് സംഘർഷത്തില്‍ നിലപാട് പറഞ്ഞ് ശശി തരൂർ. രണ്ട് ഭാഗത്ത് നിന്നും ഭീകരാക്രമണം ഉണ്ടായിട്ടുണ്ട്. എന്നാൽ കഴിഞ്ഞ 15 വർഷം നടന്ന ഏറ്റുമുട്ടലിനേക്കാൾ വലിയ ആൾനാശമാണ് കഴിഞ്ഞ 16 ദിവസം കൊണ്ട് ഉണ്ടായത്. ഇസ്രയേലിൽ 1400 പേർ മരിച്ചപ്പോൾ പലസ്തീനിൽ അത് ആറായിരമായിരുന്നു. അന്താരാഷ്ട്ര നിയമങ്ങൾ ലംഘിക്കപ്പെട്ടു.
പരിഹാരം ഇല്ലാത്ത രീതിയിലുള്ള ഇസ്രയേൽ ആക്രമണം അതിര് കടന്നെന്നും തരൂർ കൂട്ടിച്ചേർത്തു. ഇന്നലെ കോഴിക്കോട് കടപ്പുറത്ത് മുസ്ലീംലീഗ് സംഘടിപ്പിച്ച പലസ്തീൻ ഐക്യദാർഢ്യ റാലിയില്‍ മുഖ്യ അതിഥിയായി പങ്കെടുക്കുമ്പോഴാണ് ശശി തരൂർ നിലപാട് വ്യക്തമാക്കിയത്.
അതേസമയം, ഇസ്രയേലിനൊപ്പം നിൽക്കുന്നവർ ഭീകരവാദത്തെയാണ് കൂട്ടുപിടിക്കുന്നതെന്ന് മുസ്ലിംലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖലി തങ്ങൾ പറഞ്ഞു. പലസ്തീൻ ഐക്യദാർഢ്യ റാലി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ലോകത്തെ ഏറ്റവും വലിയ ഭീകരരാജ്യമാണ് ഇസ്രയേൽ. പലസ്തീനിലെ അവരുടെ അധിനിവേശത്തെ 1947 മുതൽ എതിർത്ത രാജ്യമായിരുന്നു ഇന്ത്യ. നെഹ്റു മുതൽ മൻമോഹൻ സിങ്ങ് വരെ പലസ്തീൻ ജനതക്കൊപ്പമായിരുന്നു.
എന്തിനേറെ വാജ്പേയ് സർക്കാർ വരെ ഇസ്രയേൽ അധിനിവേശത്തെ എതിർത്തിരുന്നു. എന്നാൽ മോദി സർക്കാർ അതിൽ വെള്ളം ചേർത്തിരിക്കുകയാണെന്ന് സാദിഖലി തങ്ങൾ കൂട്ടിച്ചേർത്തു. പലസ്തീൻ മനുഷ്യാവകാശ മഹാറാലിലേക്ക് പതിനായിരങ്ങളാണ് ഒഴുകിയെത്തിയത്. സമസ്തയെ ക്ഷണിക്കാത്ത പരിപാടിയിലും കോഴിക്കോട് കടപ്പുറം ജനസാഗരമായി