കോഴിക്കോട്: പഞ്ചാബ് നാഷണൽ ബാങ്കിലെ (പിഎന്‍ബി) കോർപ്പറേഷന്‍റെ അക്കൗണ്ടിൽ നിന്ന് കോടികൾ നഷ്‌ടപ്പെട്ട സംഭവത്തിൽ മുന്നറിയിപ്പുമായി സിപിഎം കോഴിക്കോട് ജില്ല സെക്രട്ടറി പി മോഹനൻ. കോർപ്പറേഷന് നഷ്‌ടപ്പെട്ട മുഴുവൻ തുകയും 24 മണിക്കൂറിനകം അക്കൗണ്ടുകളിൽ തിരികെ എത്തിയില്ലെങ്കിൽ പഞ്ചാബ് നാഷണൽ ബാങ്കിന്‍റെ ഒരു ശാഖയും പ്രവർത്തിപ്പിക്കാനാവാത്ത സ്ഥിതിയുണ്ടാകും. ഇന്ന് ബാങ്കിന് മുന്‍പില്‍ ഇടതുമുന്നണി കൗൺസിലർമാർ നടത്തിയ പ്രതിഷേധത്തിനിടയാണ് മോഹനന്‍റെ മുന്നറിയിപ്പ്.
ALSO READ| അക്കൗണ്ടില്‍ നിന്ന് ഒന്നര കോടി കൂടി തട്ടി ; കോര്‍പറേഷന്‍റെ ഭാഗത്തും വീഴ്‌ചയെന്ന് കണ്ടെത്തല്‍
നടന്ന സംഭവം വിശ്വാസ്യതയുടെ വിഷയമാണെന്നും പി മോഹനന്‍ കൂട്ടിച്ചേര്‍ത്തു. പഞ്ചാബ് നാഷണൽ ബാങ്കിന്‍റെ എരഞ്ഞിപ്പാലം ബ്രാഞ്ചിലെ മാനേജർ ആയിരുന്ന റിജിൽ തന്‍റെ സ്വന്തം അക്കൗണ്ടിലേക്ക് പണം മാറ്റിയെന്നാണ് കണ്ടെത്തിയിരിക്കുന്നത്. നാല് കോടിക്കടുത്ത് രൂപയാണ് കോർപ്പറേഷൻ്റെ അക്കൗണ്ടുകളിൽ നിന്ന് നഷ്‌ടമായത്. ആദ്യം റിജില്‍ തന്‍റെ പിതാവിന്‍റെ പഞ്ചാബ് നാഷണൽ ബാങ്കിലെ അക്കൗണ്ടിലേക്ക് തുക മാറ്റുകയും പിന്നീട് ഇത് ആക്‌സിസ് ബാങ്കിലെ റിജിലിന്‍റെ സ്വന്തം അക്കൗണ്ടിലേക്ക് മാറ്റുകയുമായിരുന്നു.
തിരിമറിയെ തുടർന്ന് സസ്പെൻഷനിലായ റിജിൽ ഇപ്പോൾ ഒളിവിലാണ്. അതിനിടെ 20 കോടി രൂപയുടെ തിരിമറി സംഭവിച്ചതായാണ് ഇൻ്റേണൽ ഓഡിറ്റിങ് വിഭാഗം നൽകുന്ന സൂചന. ക്രൈംബ്രാഞ്ചിന് കേസ് വിടാനാണ് സാധ്യത.