കോഴിക്കോട്: നിയമസഭ സ്‌പീക്കര്‍ എ എൻ ഷംസീറിൻ്റെ സഹോദരൻ എ എൻ ഷാഹിറിന് കോഴിക്കോട് കോർപ്പറേഷൻ്റെ വഴിവിട്ട സഹായമെന്ന് പ്രതിപക്ഷ ആരോപണം. ബസ് വെയ്റ്റിങ് ഷെൽട്ടറുകള്‍ നവീകരിക്കാനും പരിപാലിക്കാനുമുളള കരാറെടുത്ത ഷാഹിർ രണ്ട് വർഷം കഴിഞ്ഞിട്ടും ഡെപ്പോസിറ്റ് തുക അടച്ചിട്ടില്ലെന്ന് ആരോപണം. ഷാഹിര്‍ നല്‍കിയ ചെക്ക് മടങ്ങിയിട്ടും കോര്‍പറേഷന്‍ നിയമ നടപടി സ്വീകരിച്ചിട്ടുമില്ല.
എഎന്‍ ഷാഹിര്‍ പങ്കാളിയായ സ്ഥാപനം കോഴിക്കോട് സൗത്ത് ബീച്ചില്‍ നടത്തിയ അനധികൃത നിർമാണം വിവാദമായിരിക്കെയാണ് നേരത്തെ കോർപ്പറേഷൻ ഇതേ വ്യക്തിക്ക് നല്‍കിയ മറ്റ് സഹായങ്ങളുടെ വിവരങ്ങള്‍ പുറത്ത് വന്നത്. 2020ലാണ് നഗരത്തിലെ 32 ബസ് കാത്തിരിപ്പ് കേന്ദ്രങ്ങളുടെ നിർമാണം, പരിപാലനം എന്നിവയ്ക്കായി എഎൻ ഷാഹിര്‍ കരാര്‍ ഏറ്റെടുത്തത്.
പതിനൊന്ന് ഇടത്തെ ഷെല്‍ട്ടറുകള്‍ 10 വർഷത്തേക്ക് പരിപാലിക്കാൻ ഡെപ്പോസിറ്റ് ഇനത്തിൽ 5.72 ലക്ഷം രൂപയായിരുന്നു കോർപ്പറേഷന് നൽകേണ്ടത്. എന്നാൽ രണ്ട് വർഷമായിട്ടും ഈയിനത്തില്‍ ഒരു രൂപ പോലും കോർപ്പറേഷന് ലഭിച്ചില്ല. ഡെപ്പോസിറ്റ് തുക നൽകാതെ കരാർ തുടരുന്നതിനെതിരെ കൗൺസിലിൽ എതിർപ്പ് രൂക്ഷമായപ്പോൾ കോർപ്പറേഷൻ നോട്ടിസ് അയച്ചു.
ഇതിന്‍റെ അടിസ്ഥാനത്തിൽ കഴിഞ്ഞ ജൂലൈയിൽ അഞ്ച് ലക്ഷം രൂപയുടെ ചെക്ക് നല്‍കി. എന്നാല്‍ അക്കൗണ്ടില്‍ പണമില്ലാതെ ചെക്ക് മടങ്ങി. ഇതിനിടെ ഷാഹിർ ഏറ്റെടുത്ത പ്രവർത്തികളുടെ ചുമതല മറ്റൊരു വ്യക്തിക്ക് കൈമാറുകയും ചെയ്‌തു. ഡെപ്പോസിറ്റ് തുക ഒടുക്കിയില്ലെങ്കിൽ കരാർ റദ്ദാക്കാൻ വ്യവസ്ഥയുണ്ടെന്നിരിക്കെയാണ് സിപിഎം നേതൃത്വത്തിലുളള കോര്‍പറേഷന്‍ ഷംസീറിൻ്റെ സഹോദരനായി കണ്ണടച്ചത്.
സിപിഎം പാർട്ടി ഓഫിസ് നടത്തുന്ന കൂട്ടുകച്ചവടമാണ് ഇതെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. അതേസമയം നേരത്തെ ഏറ്റെടുത്ത് നടത്തിയ കരാർ ജോലികളിൽ നഷ്‌ടമുണ്ടായ വ്യക്തിയില്‍ നിന്ന് ഡെപ്പോസിറ്റ് തുക പിടിച്ച് വാങ്ങാന്‍ കഴിയുമോ എന്നായിരുന്നു മേയര്‍ ബീന ഫിലിപ്പിന്‍റെ ചോദ്യം. കരാര്‍ ഏറ്റെടുക്കുമ്പോള്‍ ഷംസീറിൻ്റെ സഹോദരനാണെന്ന് അറിയില്ലായിരുന്നെന്നും മേയര്‍ പറഞ്ഞു.
മാത്രമല്ല നേരത്തെ ഏറ്റെടുത്ത കരാറുകള്‍ മികച്ച രീതിയില്‍ പൂര്‍ത്തിയാക്കിയത് കൊണ്ടാണ് ബസ് വെയ്‌റ്റിങ് ഷെല്‍ട്ടറുകള്‍ നവീകരിക്കാന്‍ കരാര്‍ നല്‍കിയതെന്നും ഷാഹിര്‍ പറഞ്ഞു. കൊവിഡ് സമയത്തുണ്ടായ സാമ്പത്തിക നഷ്‌ടം കാരണം പണം അടക്കാന്‍ ഷാഹിര്‍ കൂടുതൽ സമയം ആവശ്യപ്പെട്ടു. ഒടുവിൽ സമർപ്പിച്ച ചെക്ക് ബൗൺസായതോടെ കോർപ്പറേഷന് നഷ്‌ടം സംഭവിച്ചു.
എന്നാല്‍ കരാര്‍ തുക നേടിയെടുക്കാന്‍ നിയമപരമായി മുന്നോട്ട് പോകുകയാണെന്നും മേയര്‍ പറഞ്ഞു.