കോഴിക്കോട്: നഗരത്തിൽ വാഹന പരിശോധന ശക്തമാക്കി മോട്ടോർ വാഹന വകുപ്പ്. ഹൈക്കോടതി-സുപ്രീംകോടതി വിധികള്‍ ഉണ്ടായിട്ടും അത് ലംഘിച്ച് വാഹനങ്ങളില്‍ കൂളിങ് പേപ്പറുകള്‍, കര്‍ട്ടനുകള്‍ എന്നിവ ഉപയോഗിക്കുന്നവര്‍ക്കെതിരെ ‘ഓപ്പറേഷന്‍ സ്‌ക്രീന്‍’എന്ന പേരിൽ സംസ്ഥാന വ്യാപകമായി മോട്ടോർ വാഹന വകുപ്പ് നേതൃത്വത്തിൽ പരിശോധന നടത്തുന്നതിന്‍റെ ഭാഗമായിട്ടാണ് കോഴിക്കോട് നഗരത്തിലും വാഹന പരിശോധന ശക്തമാക്കിയത്. മോട്ടോര്‍ വാഹന നിയമങ്ങളുടെയും ചട്ടങ്ങളുടെയും അടിസ്ഥാനത്തില്‍ ഇത്തരം വാഹനങ്ങള്‍ക്കെതിരെ നടപടികള്‍ സ്വീകരിക്കാന്‍ സുപ്രിം കോടതിയും ഹൈക്കോടതിയും കര്‍ശന നിര്‍ദ്ദേശം നല്‍കിയതിനെ തുടര്‍ന്നാണ് നടപടി.
യാത്രക്കാര്‍ക്ക് ബുദ്ധിമുട്ടുണ്ടാകാത്ത തരത്തിലാകണം പരിശോധനയെന്നും നിര്‍ദേശമുണ്ട്. വാഹനം നിര്‍ത്താതെ തന്നെ ഇലക്ട്രോണിക് ചെലാന്‍ സംവിധാനത്തിലൂടെ പരമാവധി വാഹനങ്ങള്‍ക്കെതിരെ കേസെടുക്കാന്‍ കഴിയും. മുന്‍പ് കേസെടുത്തിട്ടും വീണ്ടും ഇത്തരം നിയമലംഘനങ്ങള്‍ ആവര്‍ത്തിക്കുന്നവരെ ഇ-ചെലാന്‍ സംവിധാനത്തിലൂടെ എളുപ്പം മനസ്സിലാക്കുവാനും സാധിക്കും. ഗ്ലാസില്‍ നിന്നും ഫിലിം, കര്‍ട്ടന്‍ എന്നിവ നീക്കാന്‍ വിസമ്മതിക്കുന്നവരുടെ വാഹനങ്ങളുടെ രജിസ്ട്രേഷന്‍ റദ്ദാക്കാന്‍ ഉള്ള നടപടികള്‍ സ്വീകരിക്കുകയും, കൂടാതെ അത്തരം വാഹനങ്ങളെ ബ്ലാക്ക് ലിസ്റ്റ് ചെയ്യുമെന്ന് മോട്ടോർ വാഹന വകുപ്പ് ഇൻസ്പെക്ടർ ബിനു എസ് പറഞ്ഞു.