കോഴിക്കോട്: ബുള്ളറ്റ് ഷോറൂമിൽ മോഷണം നടത്തി 1.5 ലക്ഷം രൂപയും പുതിയ മോഡൽ ബുള്ളറ്റും മോഷ്‌ടിച്ച കേസിൽ യുവാവ് അറസ്റ്റിൽ. താനൂർ ഒഴൂർ പൈനാട്ട് വീട്ടിൽ പി. നൗഫലിനെ(20) ആണ് ടൗൺ പൊലീസ് കുറ്റിപ്പുറം റെയിൽവേ സ്റ്റേഷൻ പരിസരത്ത് നിന്ന് പിടികൂടിയത്. കഴിഞ്ഞമാസം 19-ന് പുലർച്ചെ മൂന്നരയോടെ കോഴിക്കോട് ഫ്രാൻസിസ് റോഡിലെ റോയൽ എൻഫീൽഡിന്റെ ബ്ലൂ മൗണ്ടൈനൻ ഓട്ടോ ഷോറൂമിലാണ് മോഷണം നടന്നത്. സംഭവത്തിന് ശേഷം സി.സി.ടി.വി ദൃശ്യങ്ങൾ പൊലീസ് പരിശോധിക്കുകയും പ്രതിയെ തിരിച്ചറിയുകയും ചെയ്തിരുന്നു. ഇയാൾ പെരിന്തൽമണ്ണയിലെ ബുള്ളറ്റ് ഷോറൂമിലും സമാനമായ രീതിയിൽ കളവ് നടത്തിയിരുന്നു.
പ്രതിയെ അന്വേഷിച്ച് താനൂർ, പൊന്നാനി ഭാഗങ്ങളിൽ ചെന്നെങ്കിലും ഇയാൾ വീട്ടിലേക്ക് പോകാറില്ലെന്ന് പൊലീസിന് മനസിലായി. സെപ്റ്റംബർ 16-ന് പരപ്പനങ്ങാടി ജയിലിൽ നിന്നും ഇറങ്ങിയ ഇയാൾ 19-നാണ് കവർച്ച നടത്തിയത്. തുടർന്ന് ചെന്നൈ, ബെംഗളൂരു എന്നീ സ്ഥലങ്ങളിൽ സഞ്ചരിച്ച് പ്രതി ആഡംബര ജീവിതം നയിക്കുകയായിരുന്നു.
സി.സി.ടി.വി ദൃശ്യങ്ങൾ പ്രചരിച്ചതോടെ പ്രതി രൂപമാറ്റം നടത്തിയിരുന്നു. പ്രത്യേക അന്വേഷണസംഘം വിവിധ സ്ഥലങ്ങളിൽ രഹസ്യമായി നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതി കുറ്റിപ്പുറം ഭാഗത്തുള്ള വിവരം പൊലീസിന് ലഭിച്ചത്. തുടർന്നാണ് കുറ്റിപ്പുറം റെയിൽവേ സ്റ്റേഷൻ പരിസരത്ത് നിന്ന് ഇയാളെ അറസ്റ്റുചെയ്തത്. പിന്നീട് വിശദമായി ചോദ്യം ചെയ്യലില്‍ ബുള്ളറ്റ് സൂക്ഷിച്ച സ്ഥലം പ്രതി പൊലീസിന് കാണിച്ചുകൊടുത്തു. ഇയാളെ ഷോറൂമിലെത്തിച്ചും തെളിവെടുപ്പ് നടത്തി. ടൗൺ സി.ഐ എ.ഉമേഷിന്റെ നേതൃത്വത്തിൽ സൗത്ത് അസി.കമ്മീഷണർ എ.ജെ ബാബുവിന്റെ കീഴിലുള്ള സ്പെഷ്യൽ സ്ക്വാഡും എസ്.ഐ ബിജിത്തും ചേർന്നാണ് പ്രതിയെ പിടികൂടിയത്.