കോഴിക്കോട്: അത്തം പിറന്നതോടെ ജില്ലയിൽ പൂവിപണി സജീവമായി. വില വർധിച്ചത് വിപണിയെ സാരമായി ബാധിച്ചെങ്കിലും വരും ദിവസങ്ങളിൽ പൂവില കുറയുമെന്ന പ്രതീക്ഷയിലാണ് കച്ചവടക്കാർ അത്തം മുതൽ തിരുവോണം വരെ പൂക്കൾ ഇടുന്നത് മലയാളിയുടെ ശീലമാണ്. ഓണം കേരളത്തിന് സ്വന്തമാണെങ്കിലും പൂവുകൾ അന്യസംസ്ഥാനങ്ങളിൽ നിന്നുമാണ് എത്തുന്നത്. പല നിറത്തിലുള്ള ജമന്തി, ചെട്ടി, പനിനീർ, വാടമല്ലി, മുല്ലപ്പൂ, അരളി എന്നിവരാണ് വിപണിയിലെ താരങ്ങൾ.
വെള്ള ജമന്തിക്കാണ് വില കൂടുതല്‍. കിലോക്ക് 250 രൂപയാണ് വില. ഏറ്റവും കുറവ് വാടമല്ലിക്ക്. കിലോക്ക് 80 രൂപയേ ഉള്ളൂ. വിപണിയിൽ ഏറ്റവും ക്ഷാമം അരളിപ്പൂവിനാണ്. ഗുണ്ടൽപേട്ട, ബംഗ്ലൂർ, ഊട്ടി, ദിണ്ഡിഗൽ എന്നിവിടങ്ങളിൽ നിന്നാണ് പൂവരുന്നത്. വിനായ ചതുർഥി പ്രമാണിച്ചാണ് പൂവില കൂടാൻ കാരണമെന്നും വരുംദിവസങ്ങളിൽ പൂവില കുറയുമെന്നും കച്ചവടക്കാർ പറയുന്നു. പൂവില കൂടിയാലും കുറഞ്ഞാലും മലയാളികൾ വാങ്ങാതിരിക്കില്ല.