കോഴിക്കോട്: കൊളാവിപ്പാലം കടലാമ സംരക്ഷണ കേന്ദ്രത്തിലെ ഹാർച്ചറിയിൽ വിരിഞ്ഞ കടലാമ കുഞ്ഞുങ്ങളെ കടലിലേക്ക് തുറന്നു വിട്ടു. വനം വകുപ്പ് അധികൃതരുടെ സാന്നിധ്യത്തിലാണ് ആമക്കുഞ്ഞുങ്ങളെ കടലിലേക്ക് വിട്ടത്. തീരം–പ്രകൃതി സംരക്ഷണ സമിതി പ്രവർത്തകർ സംരക്ഷിച്ച 126 മുട്ടകളിൽ 52 എണ്ണമാണ് വിരിഞ്ഞത്.
കഴിഞ്ഞ നവംബർ 20ന് രാത്രിയാണ് വടകര സാൻഡ്ബാങ്ക്സിന് സമീപം കടലാമ മുട്ടയിട്ടത്. കടലാമകളിൽ ഏറ്റവും ചെറുതായ ‘ഒലിവ് റിഡ്‌ലി’ വിഭാഗത്തിൽപെട്ട ആമകളാണ് കൊളാവിപ്പാലത്ത് എത്താറുള്ളത്. ആമ മുട്ടകൾ സംരക്ഷിക്കാൻ കൊളാവിപ്പാലത്ത് പരിസ്ഥിതി സ്നേഹികൾ രൂപീകരിച്ച കൂട്ടായ്‌മയാണ് തീരം സംരക്ഷണ സമിതി.
ഇവർ ശേഖരിക്കുന്ന മുട്ടകൾ ഹാച്ചറികളിൽ എത്തിച്ചാണ് വിരിയിക്കുന്നത്. തീരത്തെ മണൽ പരപ്പ് തന്നെയാണ് കെട്ടിത്തിരിച്ച് ഹാച്ചറിയാക്കുന്നത്. ഇവിടെ രണ്ടടി ആഴത്തിലും ചുറ്റളവിലും കുഴിയുണ്ടാക്കി മുട്ടകൾ അതിൽ നിക്ഷേപിക്കും. 45 മുതൽ 60 ദിവസത്തിനകം സൂര്യതാപമേറ്റ് മുട്ടകൾ വിരിയും.
ALSO READ: ഉയരക്കുറവ് ഒരു കുറവല്ല, പറയുന്നത് പാര അത്‌ലറ്റിക്സില്‍ ഇരട്ടസ്വര്‍ണം നേടിയ സനല്‍
53 ദിവസത്തിന് ശേഷമാണ് ഈ തവണ മുട്ടകൾ വിരിഞ്ഞത്. തീരം പ്രവർത്തകരായ സി സതീശൻ, കെ സുരേന്ദ്രബാബു, പി സജീവൻ തുടങ്ങിയവരാണ് കടലാമ സംരക്ഷണ കേന്ദ്രത്തേയും ആമകളേയും പരിപാലിച്ച് പോരുന്നത്.