കോഴിക്കോട്: ദിവസേന നിരവധി സഞ്ചാരികൾ എത്തുന്ന കോഴിക്കോട് ബീച്ചിൽ സുരക്ഷക്കായി ആകെയുള്ളത് നാല് ജീവനക്കാർ മാത്രം. ഷിഫ്റ്റ് അടിസ്ഥാനത്തിൽ ജോലി ചെയ്യുന്നതിനാൽ ഒരേ സമയം രണ്ടു പേർ മാത്രമാണ് സുരക്ഷക്ക് ഉണ്ടാകുക. പലപ്പോഴും ഇവര്‍ക്ക് തിരക്കിനിടയിൽ സഞ്ചാരികൾ ആഴക്കടലിലേക്ക് ഇറങ്ങുന്നത് തടയാൻ സാധിക്കാറില്ല. അവധി ദിവസങ്ങളിൽ തിരക്ക് വർധിച്ചാൽ രണ്ടു പേർ മാത്രമായി എങ്ങനെ സുരക്ഷയൊരുക്കുമെന്ന് ജീവനക്കാര്‍ ചോദിക്കുന്നു.
ഇതിന് പുറമേ സംസ്ഥാന ടൂറിസം വകുപ്പ് ജീവനക്കാരായ ഇവർക്ക് ജീവൻ രക്ഷാ ഉപകരണങ്ങൾ സൂക്ഷിക്കാനുള്ള സ്ഥലവും ബീച്ചിനോട് ചേര്‍ന്നില്ല. നിലവില്‍ വിശ്രമിക്കാനും രക്ഷാ ഉപകരണങ്ങൾ സൂക്ഷിക്കാനും സൗകര്യം ഇല്ലാത്തതിനാൽ കോർപ്പറേഷൻ ഓഫീസിനെയാണ് ജീവനക്കാർ ആശ്രയിക്കുന്നത്.