കോഴിക്കോട് : മാവോയിസ്റ്റ് ബന്ധം ആരോപിക്കപ്പെട്ട് അറസ്റ്റിലായ സി.പി.എം പ്രവർത്തകരായ അലൻ ഷുഹൈബിനും താഹ ഫസലിനുമെതിരെ ഇതുവരെ പാർട്ടി നടപടി സ്വീകരിച്ചിട്ടില്ലെന്ന് ജില്ലാ സെക്രട്ടറി പി. മോഹനൻ. കേസുമായി ബന്ധപ്പെട്ട് ഉയർന്ന ആരോപണം പാർട്ടി അന്വേഷിച്ച് വരികയാണ്. അന്വേഷണം പൂർത്തിയാവണമെങ്കിൽ ഇരുവരുടെയും വിശദീകരണം കൂടി കേൾക്കേണ്ടതുണ്ട്. നിലവിൽ ഇരുവരും ജുഡീഷ്യൽ കസ്റ്റഡിയിലായതിനാൽ വിശദീകരണം കേൾക്കാൻ നിർവാഹമില്ലെന്നും മോഹനൻ വ്യക്തമാക്കി.
വിഷയം പാർട്ടി വ്യക്തമായി പരിശോധിച്ച ശേഷം മാത്രമേ നടപടി സ്വീകരിക്കുകയുള്ളു. അലന്‍റെയും താഹയുടെയും രക്ഷിതാക്കൾക്കുള്ള ആശങ്ക സ്വാഭാവികമാണ്. ഒരു കേസിലും യു.എ.പി.എ ചുമത്തുന്നതിനോട് സിപിഎമ്മിന് യോജിപ്പില്ലെന്നും കേരളത്തിൽ ഏറ്റവും അധികം യു.എ.പി.എ കേസ് ചുമത്തിയത് രമേശ് ചെന്നിത്തല ആഭ്യന്തര മന്ത്രിയായ കാലത്താണെന്നും പി. മോഹനൻ കോഴിക്കോട് മാധ്യമങ്ങളോട് പറഞ്ഞു. സംസ്ഥാന സർക്കാരിന്റെ അനുമതിയില്ലാതെ കേന്ദ്ര ഏജൻസിക്ക് ഇടപെടാനുള്ള വഴിയൊരുക്കിയതും അക്കാലത്താണ്. അതിന്റെ പാപക്കറ മായ്ക്കാനാണ് നിലവിലെ നടപടിയെന്നും മോഹനൻ പറഞ്ഞു. പന്തീരാങ്കാവ് കേസിൽ സർക്കാർ നടപടിയുമായി മുന്നോട്ട് പോവുന്നതോടൊപ്പം തിരുത്തൽ നടപടിയുമായി സി.പി.എം മുന്നോട്ട് പോവുമെന്നും പി മോഹനൻ പറഞ്ഞു.