കോഴിക്കോട്: നിപ ബാധിച്ച് കോഴിക്കോട് മിംസ് ആശുപത്രിയില്‍ (Nipah Patients In Kozhikode) ചികിത്സയില്‍ കഴിഞ്ഞ 9 കാരന്‍റെ 25 കാരന്‍റെയും പരിശോധന ഫലം നെഗറ്റീവ്. ആശുപത്രിയില്‍ നിന്നും ഡിസ്‌ചാര്‍ജായ ഇരുവരും രണ്ടാഴ്‌ച ഹോം ഐസോലേഷനില്‍ തുടരും. നിപ ബാധിച്ച് മരിച്ച മുഹമ്മദലിയുടെ മകനാണ് 9 വയസുകാരന്‍.
രോഗം ബാധിച്ച് അതീവ ഗുരുതരാവസ്ഥയില്‍ ആശുപത്രിയിലെത്തിച്ച കുട്ടി രണ്ടാഴ്‌ച വെന്‍റിലേറ്ററില്‍ കഴിഞ്ഞതിന് പിന്നാലെയാണ് ഈ തിരിച്ച് വരവ്. മുഹമ്മദ് അലിയുടെ ഭാര്യ സഹോദരനാണ് അസുഖം സ്ഥിരീകരിച്ച 25 കാരന്‍. മിംസ് ആശുപത്രിയിലെ ക്രിറ്റിക്കൽ കെയർ വിഭാഗം തലവൻ ഡോക്‌ടർ എ.എസ് അനൂപിൻ്റെ നേതൃത്വത്തിലാണ് ഇരുവര്‍ക്കും ചികിത്സ നല്‍കിയത്. ഇരുവരുടെയും ആരോഗ്യ നില തൃപ്‌തികരമാണെന്ന് ഡോക്‌ടര്‍മാര്‍ പറയുന്നു. (Mims Hospital Kozhikode)
വൈറസ് ബാധ സ്ഥിരീകരിച്ച രണ്ട് പേരാണ് നിലവില്‍ ചികിത്സയില്‍ തുടരുന്നത്. ഒരാള്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലും ഒരാള്‍ ഇഖ്‌റയിലുമാണ് ചികിത്സയിലുള്ളത്. നിലവിൽ നിപ ആശങ്ക പൂർണമായും ഒഴിഞ്ഞെങ്കിലും ജില്ലയില്‍ ഒക്ടോബർ 1 വരെ പരിമിതമായ നിയന്ത്രങ്ങൾ തുടരും.
സംസ്ഥാനത്തെ ആശങ്കയിലാക്കുന്ന നിപ: ഒരിടവേളയ്‌ക്ക് ശേഷമാണ് കേരളത്തില്‍ വീണ്ടും നിപ വൈറസ് സാന്നിധ്യം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ജനങ്ങള്‍ ഏറെ ആശങ്കയിലാണെങ്കിലും നിലവില്‍ രോഗം ബാധിച്ചവരില്‍ അധികം പേരും പൂര്‍ണ ആരോഗ്യവാന്മാരായി ജിവിതത്തിലേക്ക് തിരിച്ച് മടങ്ങി വരുന്നുണ്ട്. ആരോഗ്യ വകുപ്പിനെയും പൊതുജനങ്ങളെയും അടക്കം ആശയ കുഴപ്പത്തിലാക്കിയ നിപ എന്ന വൈറസിന്‍റെ ഉറവിടം എന്താണ് എന്നതില്‍ ഇപ്പോഴും അവ്യക്തത തുടരുകയാണ്.
വൈറസിന്‍റെ ഉറവിടം കണ്ടെത്താന്‍ ശ്രമങ്ങള്‍ തുടരുന്നുണ്ടെങ്കിലും കൃത്യമായ നിഗമനത്തില്‍ എത്താന്‍ ഇതുവരെ കഴിഞ്ഞിട്ടില്ലെന്നതാണ് വാസ്‌തവം. വവ്വാലുകളില്‍ നിന്നും അടയ്‌ക്കയില്‍ നിന്നുമാണ് വൈറസ് മനുഷ്യനിലേക്ക് വ്യാപിക്കുന്നതെന്നും പറയപ്പെടുന്നുണ്ട്. വവ്വാലുകളുടെ പ്രജനന സമയത്ത് ഉണ്ടാകുന്ന വൈറസാണിതെന്ന് ചിലര്‍ പറയുന്നു. വവ്വാലുകളില്‍ നിന്ന് നേരിട്ടോ അല്ലെങ്കില്‍ വവ്വാലുകളുമായി ബന്ധമുള്ള മറ്റ് ജീവികളില്‍ നിന്നോ ഇത് മനുഷ്യ ശരീരത്തില്‍ പ്രവേശിച്ചതാകാമെന്നും നിഗമനമുണ്ട്.
രോഗവും രോഗ ലക്ഷണങ്ങളും: തലച്ചോറിനെ ബാധിക്കുന്ന എന്‍സെഫലിറ്റീസ് രോഗമാണിത്. പനി, ചുമ, തലവേദന, ക്ഷീണം എന്നിവയാണ് ഇതിന്‍റെ പ്രാരംഭ ലക്ഷണങ്ങള്‍. രോഗം മൂര്‍ച്ഛിക്കപ്പെട്ടാല്‍ അത് അബോധാവസ്ഥ, മാനസിക വിഭ്രാന്തി, അപസ്‌മാരം തുടങ്ങിയ പ്രശ്‌നങ്ങളിലേക്ക് നയിക്കും.
നിപ പ്രതിരോധം (Nipah Preventions): കൊവിഡ് കാലത്ത് ജനങ്ങള്‍ രോഗ പ്രതിരോധത്തിനായി നിരവധി കാര്യങ്ങള്‍ ചെയ്‌തിരുന്നു. കൊവിഡ് പ്രതിരോധത്തിന് വേണ്ടി കൈക്കൊണ്ട അതേ മാനദണ്ഡങ്ങള്‍ നിപക്കെതിരെയും പ്രയോഗിക്കാം. കൈകള്‍ ഇടയ്‌ക്കിടയ്‌ക്ക് സോപ്പ് ഉപയോഗിച്ച് കഴുകുകയും രോഗ ലക്ഷണങ്ങള്‍ ഉള്ളവരില്‍ നിന്നും വിട്ടു നില്‍ക്കുകയും വേണം. എന്‍ 95 മാസ്‌ക് ഉപയോഗിക്കുന്നത് രോഗത്തെ പ്രതിരോധിക്കാന്‍ സഹായിക്കും. രോഗ ലക്ഷണങ്ങള്‍ കണ്ടുതുടങ്ങുന്ന സമയത്ത് തന്നെ ഡോക്‌ടറെ സന്ദര്‍ശിക്കുകയും വേണ്ട മുന്‍കരുതലുകള്‍ കൈക്കൊള്ളുകയും വേണം.