കോഴിക്കോട് : ഏതാനും ദിവസം മുമ്പ് സത്യപ്രതിജ്ഞ ചെയ്‌ത് അധികാമേറ്റ സംസ്ഥാന മന്ത്രിസഭയിലെ എല്ലാവരുടെയും പേരുകളും വകുപ്പുകളും നിങ്ങൾക്കറിയാമോ. അറിയില്ലെന്നാണ് ഉത്തരമെങ്കില്‍ കൊണ്ടോട്ടിയിലെ ഒമ്പത് വയസുകാരി ആമിന പർവീൻ പറഞ്ഞുതരും. മന്ത്രിമാരുടെ പേരുകൾ മാത്രമല്ല 140 നിയോജക മണ്ഡലങ്ങളിലെ എംഎൽഎമാരുടെ പേരും ഈ മിടുക്കിക്ക് മനപ്പാഠമാണ്.
അസാധാരണ ഓർമശക്തികൊണ്ട് ഏവരെയും വിസ്മയിപ്പിക്കുന്ന ആമിനയുടെ അറിവുകൾ ഇവിടെയൊന്നും ഒതുങ്ങുന്നില്ല. ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളും അവയുടെ തലസ്ഥാനവും തുടങ്ങി ഖുറാനിലെ 114 അധ്യായങ്ങളുടെ പേരുകളും ആമിനയ്‌ക്ക് അറിയാം. രാജ്യങ്ങളുടെ ഔദ്യോഗിക മുദ്രകൾ കാണിച്ചുകൊടുത്താൽ ആ രാജ്യത്തിൻ്റെ പേരും അവിടുത്തെ ഭാഷയും ആമിന പർവീൻ ഞൊടിയിടയിൽ പറയും. പത്ര വായനയും ടിവിയിൽ വാർത്തകൾ കാണുന്നതും ഇത്തരം കാര്യങ്ങൾ കൂടുതലായി പഠിക്കാൻ സാഹായിക്കാറുണ്ടെന്ന് ആമിന പറയുന്നു.
Also Read:പൊലീസെത്തിയപ്പോള്‍ 'പറന്ന്' കോഴി ചുട്ടവര്‍ , വീഡിയോ വൈറല്‍
കൊണ്ടോട്ടി സ്വദേശികളായ അനസ് യാസീൻ്റെയും സുബീറയുടേയും മകളാണ് ആമിന. ഇപ്പോൾ ആമിനയുടെ പാത പിന്തുടരുകയാണ് ആറുവയസ്സ് മാത്രം പ്രായമുള്ള സഹോദരൻ മുഹമ്മദ് തസീമും. ഇത്താത്തയെ പോലെ ഒട്ടുമിക്ക കാര്യങ്ങളും തസീമും മനപ്പാഠമാക്കിയിട്ടുണ്ട്. ആമിനയ്‌ക്ക് നാലുവയസുള്ളപ്പോളാണ് ഇത്തരമൊരു കഴിവുണ്ടെന്ന് മാതാപിതാക്കൾ തിരിച്ചറിയുന്നത്. മകളുടെ അസാധാരണ ഓർമശക്തിയെ അവർ പരമാവധി പരിപോഷിപ്പിക്കുകയായിരുന്നു. ആമിനയ്‌ക്ക് പഠിക്കാൻ കേരളത്തിലെ ജില്ലകളുടെ പേര് കോർത്തിണക്കി ഉമ്മ സുബീറ ഒരു ഗാനം പോലും ചിട്ടപ്പെടുത്തിയിട്ടുണ്ട്.