കോഴിക്കോട്: എ.കെ ശശീന്ദ്രൻ എലത്തൂരിൽ വീണ്ടും ജനവിധി തേടുന്നതിനെതിരെ വൻ പടയൊരുക്കം. എൻസിപിയിലെ അഞ്ച് പോഷക സംഘടനയിലെ നേതാക്കളാണ് ശശീന്ദ്രനെതിരെ രംഗത്തെത്തിയത്. എലത്തൂരില്‍ ശശീന്ദ്രന് സീറ്റ് നല്‍കരുതെന്നാണ് ഇവരുടെ ആവശ്യം. മത്സരിച്ചാൽ മന്ത്രിയുടെ രാജിയിലേക്ക് എത്തിച്ച ഹണി ട്രാപ്പ് അടക്കം തെരഞ്ഞെടുപ്പില്‍ ചര്‍ച്ചയാകുമെന്നാണ് ഇവര്‍ വ്യക്തമാക്കുന്നത്. സീറ്റ് നൽകരുതെന്നാവശ്യപ്പെട്ട് പോഷക സംഘടനാ നേതാക്കള്‍ നാളെ ഡല്‍ഹിയില്‍ ശരത് പവാറിനെ കാണും. കോഴിക്കോട് ജില്ലയിലെ ഭൂരിപക്ഷം നേതാക്കളും ശശീന്ദ്രന്‍ മല്‍സരിക്കുന്നതിന് എതിരാണ്.
ശശീന്ദ്രന്‍ മല്‍സരിക്കുന്നത് ആത്മഹത്യാപരമാണെന്നാണ് നേതാക്കളുടെ അഭിപ്രായം. വിഷയത്തില്‍ എൻസിപിയുടെ യുവജന വിഭാഗം നേരത്തെ തന്നെ രംഗത്തെത്തിയിരുന്നു. ശശീന്ദ്രൻ മാറി നിൽക്കണമെന്നാവശ്യപ്പെട്ട് എൻവൈസി പ്രമേയം പാസാക്കി. സംസ്ഥാന പ്രസിഡന്‍റ് ടി.പി പീതാംബരന്‍റെ സാന്നിധ്യത്തിലാണ് കൊച്ചിയിൽ പ്രമേയം പാസാക്കിയത്. ശശീന്ദ്രന് വീണ്ടും എലത്തൂരിൽ സീറ്റ് നൽകിയതിൽ പ്രതിഷേധിച്ച് എൻസിപി സംസ്ഥാന നിർവാഹക സമിതി അംഗമായ പി.എസ് പ്രകാശൻ പാര്‍ട്ടി വിട്ടിരുന്നു.