കോഴിക്കോട്: ഏക സിവിൽ കോഡ് വിഷയത്തിൽ കോൺഗ്രസിനെതിരെ സുന്നി നേതാവ്. ഫാസിസ്റ്റ് നയത്തിനെതിരെ ചർച്ച ചെയ്‌ത് തീരുമാനമെടുക്കും എന്ന കോൺഗ്രസ് നിലപാട് അംഗീകരിക്കാൻ കഴിയില്ലെന്ന് എസ്‌വൈഎസ് സംസ്ഥാന ജോയിന്‍റ് സെക്രട്ടറി നാസർ ഫൈസി കൂടത്തായി.
രാജീവ് ഗാന്ധിയുടെ കാലത്ത് തന്നെ ഏക സിവിൽ കോഡിന് എതിരാണ് കോൺഗ്രസ്. അന്ന് അനുകൂലിച്ച സിപിഎം ഇന്ന് ഈ നയത്തിന് എതിരാണ്. രാജ്യത്തെ നിലവിലെ സാഹചര്യത്തിൽ സിപിഎം നിലപാട് സ്വാഗതാർഹമാണ്. കോൺഗ്രസ് മൃദുഹിന്ദുത്വ നിലപാട് തുടർന്നാൽ ഇടതുപക്ഷത്തോടൊപ്പം ചേർന്ന് ഏക സിവിൽ കോഡിനെ എതിർക്കും. ഇത് തീരുമാനിക്കാൻ ജൂലൈ 8ന് യോഗം ചേരുമെന്നും നാസർ ഫൈസി കൂടത്തായി പറഞ്ഞു.
ഹിന്ദുക്കളെല്ലാം ഏക സിവിൽ കോഡിന് അനുകൂലമാന്നെന്ന ചിന്താഗതി തെറ്റാണ്. കർണാടകയിൽ ബിജെപി സർക്കാരിന്‍റെ നയങ്ങളെ തള്ളിക്കളഞ്ഞാണ് അതേ ജനത കോൺഗ്രസിനെ അധികാരത്തിലേറ്റിയത്. ഫാസിസ്റ്റ് രീതികളെ ഹൈന്ദവ സമൂഹവും തള്ളിക്കളയും. മതേതര സമീപനത്തെ ഉയർത്തി കാണിച്ചില്ലെങ്കിൽ കോൺഗ്രസിനെയും തള്ളിക്കളയുമെന്ന് നാസർ ഫൈസി പറഞ്ഞു.
രാജ്യത്തിന്‍റെ വൈവിധ്യം തകര്‍ക്കുമെന്ന് പാളയം ഇമാം: അതേസമയം, ഏകീകൃത സിവില്‍ കോഡ് നടപ്പിലാക്കിയാല്‍ രാജ്യത്തിന്‍റെ വൈവിദ്യം തകരുമെന്ന് പാളയം ഇമാം വി പി സുഹൈബ് മൗലവി പ്രതികരിച്ചിരുന്നു. ബലിപെരുന്നാള്‍ ദിനത്തില്‍ ഈദ് ഗാഹിന് ശേഷം സംസാരിക്കവെയാണ് യൂണിഫോം സിവില്‍ കോഡിനെതിരെ പാളയം ഇമാം പ്രതികരണം വ്യക്തമാക്കിയത്. നമ്മുടെ നാട് വൈവിധ്യവും ബഹുസ്വരതയും നിറഞ്ഞതാണെന്നും ഏക സിവിൽ കോഡ് രാജ്യത്തിന്‍റെ ബഹുസ്വരതയ്ക്ക് വെല്ലുവിളിയാകുമെന്നുമായിരുന്നു വി പി സുഹൈബ് മൗലവി പറഞ്ഞത്.
ഏകീകൃത സിവില്‍ കോഡിനെതിരെ ഒരുമിച്ച് നിന്ന് ഗൗരവത്തിൽ എതിർക്കണം. വിശ്വാസത്തിന് അനുസരിച്ച് ജീവിക്കാനുള്ള അവകാശത്തെ ഇത് ബാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഏക സിവിൽ കോഡ് മൗലികാവകാശങ്ങൾക്ക് വിരുദ്ധമാണെന്നും പാളയം ഇമാം പറഞ്ഞു. ധ്രുവീകരണ രാഷ്ട്രീയം നാടിന്‍റെ സമാധാനം തകർക്കുമെന്ന് മണിപ്പൂർ കലാപത്തിന്‍റെ പശ്ചാത്തലത്തിൽ വി പി സുഹൈബ് മൗലവി വ്യക്തമാക്കുകയുണ്ടായി.
രണ്ട് നിയമങ്ങള്‍ ഉപയോഗിച്ച് രാജ്യത്തെ നയിക്കാനാകില്ല: ഇന്ത്യൻ ഭരണഘടന എല്ലാവരുടെയും തുല്യതയെക്കുറിച്ച് സംസാരിക്കുമ്പോൾ രണ്ട് നിയമങ്ങൾ ഉപയോഗിച്ച് രാജ്യത്തെ നയിക്കാനാവില്ലെന്നായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി ഏകീകൃത സിവില്‍ കോഡില്‍ പ്രതികരിച്ചത്. ബിജെപിയുടെ 'മേരാ ബൂത്ത് സബ്സെ മസ്‌ബൂത്' ക്യാമ്പയിന്‍റെ ഭാഗമായി പാർട്ടി പ്രവർത്തകരെ അഭിസംബോധന ചെയ്‌ത് സംസാരിക്കുന്നതിനിടെ ആയിരുന്നു പ്രധാനമന്ത്രിയുടെ പ്രസ്‌താവന.
'ഒരു കുടുംബത്തിന് വ്യത്യസ്‌ത നിയമങ്ങൾ എങ്ങനെയാണ് ബാധകമാവുക? ആളുകൾക്ക് രണ്ട് വ്യത്യസ്‌ത നിയമങ്ങൾ ഉണ്ടെങ്കിൽ ഒരു കുടുംബമായി മുന്നോട്ട് പോകാനാകുമോ?. പിന്നെ എങ്ങനെയാണ് ഒരു രാജ്യം മുന്നോട്ട് നീങ്ങുക. നമ്മുടെ ഭരണഘടന എല്ലാ ജനങ്ങൾക്കും തുല്യ അവകാശങ്ങൾ ഉറപ്പ് നൽകുന്നു. സുപ്രീം കോടതിയും ഏക സിവിൽ കോഡ് നടപ്പാക്കാനാണ് ആവശ്യപ്പെടുന്നത്' -എന്നായിരുന്നു പ്രധാനമന്ത്രി മോദി പറഞ്ഞത്. അതേസമയം ചിലർ യൂണിഫോം സിവിൽ കോഡിന്‍റെ പേരിൽ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നുണ്ടെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.